റബറിന് വിലയുണ്ട്; പക്ഷേ, "ഇലകൊഴിഞ്ഞ് സ്വപ്നങ്ങൾ'
1575005
Saturday, July 12, 2025 2:31 AM IST
കേളകം: കനത്ത മഴയിൽ റബർ മരങ്ങളുടെ ഇലകൾക്കൊപ്പം പൊഴിഞ്ഞത് കർഷകന്റെ സ്വപ്നങ്ങൾ കൂടിയാണ്. റബറിന് 205 രൂപ വിലയുണ്ടെങ്കിലും റബർ കർഷകർക്ക് കണ്ണീർ കാലം, ആഴ്ചകളോളം നിർത്താതെ പെയ്ത മഴയെ തുടർന്ന് ഇലക്കണ്ണികളെ വ്യാപകമായ തോതിൽ ഫംഗസ് ബാധിച്ചതാണ് മേഖലയിലെ തോട്ടങ്ങളിലെ ഇലകൊഴിച്ചിലിന് കാരണം.
ഇലയില്ലാത്ത റബർമരം ടാപ്പിംഗ് നടത്തിയാൽ മൂന്നിലൊന്ന് ആദായം മാത്രമാണ് ലഭിക്കുകയെന്നാണ് കർഷകർ പറയുന്നു. തളിരില മൂപ്പാകുമ്പോഴേക്കും ഡിസംബർ അവസാനമുണ്ടാകാറുള്ള ശിശിരകാല ഇല കൊഴിച്ചിലുണ്ടാവും. വീണ്ടും വേനൽക്കാല ഇടവേളയ്ക്കായി ടാപ്പിംഗ് നിർത്തണം. അതിനാൽ ഇക്കൊല്ലം കാര്യമായ വരുമാന പ്രതീക്ഷയില്ല.
മികച്ച വിലയുള്ളതിനാൽ ജൂൺ മാസം മുതൽ ടാപ്പിംഗ് ആരംഭിക്കാമെന്ന പ്രതീക്ഷയിൽ മിക്ക തോട്ടങ്ങളിലും റബറിന് നേരത്തെ തന്നെ കർഷകർ പ്ലാസ്റ്റിക് ഇട്ടിരുന്നു. എന്നാൽ, തുടർച്ചയായി പെയ്ത മഴ കാരണം പ്ലാസ്റ്റിക്കിട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗ് നടന്നില്ല. കടം വാങ്ങിയും മറ്റും ഭാരിച്ച ചെലവിൽ റബർ മരത്തിലിട്ട പ്ലാസ്റ്റിക് വിട്ടിലുകളുടെ ആക്രമണത്തിലും നശിച്ചു. 2021- 23 വരെയുള്ള കാലയളവിലെ റബർ വില സ്ഥിരതാ ഫണ്ടിൽ പത്തുമാസത്തോളം കുടിശികയുണ്ട്.