പിണറായി എഡ്യുക്കേഷൻ ഹബ്ബ് നിർമാണം വേഗത്തിലാക്കണമെന്ന്
1575010
Saturday, July 12, 2025 2:31 AM IST
കണ്ണൂർ: ധർമടം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമുച്ചയം പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമാണ പ്രവൃത്തികൾ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നേരിൽ കണ്ട് വിലയിരുത്തി.
ഐഎച്ച്ആർഡി കോളജ്, പോളിടെക്നിക്, ഐടിഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, സിവിൽ സർവീസ് അക്കാദമി എന്നിവയുടെ നിർമാണം നടക്കുന്ന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെഎസ്ഐടിഐഎൽ അധികൃതർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന കാന്റീൻ, ഓഡിറ്റോറിയം, പൊതുകളി സ്ഥലം, ഹോസ്റ്റൽ, പൊതുലൈബ്രറി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച കാര്യങ്ങളും ചീഫ് സെക്രട്ടറി ചോദിച്ചറിഞ്ഞു.
12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഏകോപനച്ചുമതല ഐഎച്ച്ആർഡിക്കും നിർമാണ മേൽനോട്ടം കെഎസ്ഐടിഐഎല്ലിനുമാണ്. തുടർന്ന് പിണറായി കൺവൻഷണൽ സെന്ററും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സന്ദർശിച്ചു. സ്പീക്കർ എ.എൻ. ഷംസീറുമായി അദ്ദേഹം പിണറായി കൺവൻഷൻ സെന്ററിൽ കൂടിക്കാഴ്ച നടത്തി.