ചേറ്റൂരിന്റെ പേര് കോൺഗ്രസ് ചരിത്രത്തിൽ അനശ്വരം: മൻസൂർ അലിഖാൻ
1575012
Saturday, July 12, 2025 2:31 AM IST
കണ്ണൂർ: കോൺഗ്രസിന്റെ ചരിത്രത്തിൽ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളിയുടെ നാമം അനശ്വരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാൻ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി എന്ന നിലയിൽ ചേറ്റൂർ ചരിത്രത്തിലിടം നേടിയ വ്യക്തിയ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ചേറ്റൂർ ശങ്കരൻ നായരുടെ 168-ാം ജന്മവാർഷിക ദിനത്തിൽ ഡിസിസിയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിമാനത്തോടെ എടുത്തുപറയാൻ മികച്ച ഒരു ചരിത്രമില്ലാത്തതിന്റെ ജാള്യതയിൽ ബിജെപി നേതാക്കളൊക്കെ ചേറ്റൂർ ശങ്കരൻ നായർക്ക് മേൽ അവകാശവാദം ഉന്നയിച്ചു രംഗത്ത് വരുന്നത് പരിഹാസ്യമാണെന്നും മൻസൂർ അലിഖാൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
സജീവ് ജോസഫ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, സോണി സെബാസ്റ്റ്യൻ, പി.എം. നിയാസ്, പ്രഫ. എ.ഡി. മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ. മോഹനൻ, കെ. പ്രമോദ്, മുഹമ്മദ് ബ്ലാത്തൂർ, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ എന്നിവർ പ്രസംഗിച്ചു.