പരാജയത്തിൽനിന്ന് വിജയത്തിലേക്കുള്ള നിരന്തര പരിശ്രമമാണ് യഥാർഥ വിജയം: ഷാഫി പറമ്പിൽ
1575450
Sunday, July 13, 2025 8:55 AM IST
ഇരിട്ടി: എവിടെ ജനിച്ചു എവിടെ വളർന്നുവെന്നതല്ല വിജയത്തിന്റെ അടിസ്ഥാനമെന്നും പരാജയത്തിൽ നിന്ന് വിജയത്തിലേക്കുള്ള നിരന്തര പരിശ്രമമാണ് യഥാർഥ വിജയമെന്നും ഷാഫി പറമ്പിൽ എംപി. ഉന്നതവിജയം നേടിയ പേരാവൂർ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ സണ്ണി ജോസഫ് എംഎൽഎ അനുമോദിക്കുന്ന "മെറിറ്റ് ഡേ' കോളിക്കടവ് ഗ്രാൻഡ് റിവർ സൈഡ് കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാജയപ്പെട്ടിടത്ത് വീണ്ടും നിർത്താതെ ശ്രമം തുടരുന്നവരാണു ജീവിത വിജയം നേടുന്നത്. ഭൂമിശാസ്ത്രപരമായ പരിമിതികൾ ഒരു വിജയത്തിനും തടസമല്ലെന്നതിന് തെളിവാണ് വയനാട് സ്വദേശിനി മിന്നുമണി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായതും ഗ്രാമീണ മേഖലയായ ഉളിക്കൽ പുറവയലിൽ നിന്നുള്ള സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റായതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസും സിബിഎസ്ഇ, ഐസി എസ്ഇ സിലബസിൽ 90 ശതമാനത്തിലധികം മാർക്കും നേടിയ വിദ്യാർഥികളെയാണ് ഒരേ വേദിയിൽ അനുമോദിച്ചത്. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി. രജനി, കെ.പി. രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, പഞ്ചായത്തംഗം ഷൈജൻ ജേക്കബ്, നസീർ നല്ലൂർ, ടി.വി. ഷാജി, സി.വി. കുര്യൻ എന്നിവർ പ്രസംഗിച്ചു. കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.