ഫണ്ടില്ല; ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടുമോ?
1575452
Sunday, July 13, 2025 8:55 AM IST
ഇരിട്ടി: ഇരിട്ടി താലൂക്കിലെ ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായിരുന്ന താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റ് ഫണ്ടില്ലാതെ പ്രതിസന്ധിയിൽ. യൂണിറ്റ് നടത്തിക്കൊണ്ടു പോകാൻ പോലും ഫണ്ടില്ലാത്തതിനെ തുടർന്ന് ജീവനക്കാരുടെ നാലു മാസത്തെ ശന്പളം കുടിശികയായിരുന്നു. ഉദാരമതികളുടെ സഹായത്തോടെ രണ്ടു മാസത്തെ ശന്പള കുടിശിക തീർത്തെങ്കിലും ഇനിയും രണ്ടുമാസത്തെ ശന്പളം കുടിശികയാണ്.
കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തിയിരുന്നത് സൊസൈറ്റിയായിരുന്നു. ഉദാരമതികളിൽനിന്നുള്ള സഹായത്താലാണ് കഴിഞ്ഞ ഏഴു വർഷമായി യൂണിറ്റ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ആദ്യം ഒരു ഷിഫ്റ്റ് മാത്രമായി പ്രവർത്തിച്ച യൂണിറ്റിന്റെ പ്രവർത്തനം പിന്നീട് രണ്ട് ഷിഫ്റ്റുകളിലായി ഉയർത്തിയിരുന്നു.
മൂന്നാമതൊരു ഷിഫ്റ്റ് കൂടി ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടെങ്കിലും നിലവിൽ രണ്ടു ഷിഫ്റ്റുകളിലുള്ളവർക്ക് തന്നെ വേതനം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഏഴു വർഷം മുന്പ് തുച്ഛമായ ശന്പളത്തിന് ജോലിക്ക് ചേർന്നവർക്ക് പോലും ശന്പള വർധന നടപ്പാക്കാൻ സൊസൈറ്റിക്ക് സാധിച്ചിട്ടില്ല. കുറഞ്ഞ ശന്പളത്തിനൊപ്പം വേതനം കുടിശികയാകുന്നതും ജീവനക്കാരിലും അതൃപ്തി വളർത്തുന്നുണ്ട്.
ആശുപത്രി മാനേജ്മെന്റ് ഫണ്ടും നഗരസഭാ ഗ്രാന്റും ലഭിക്കുന്നുണ്ടെങ്കിലും ഇത് യൂണിറ്റിലേക്ക് മരുന്നുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 34 പേരാണ് ഇപ്പോൾ ഡയാലിസിന് വിധേയരാകുന്നത്. 256 പേർ ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിപ്പുണ്ട്. മൂന്നാം ഷിഫ്റ്റ് കൂടി പ്രവർത്തന ക്ഷമമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സാന്പത്തിക പ്രതിസന്ധി യൂണിറ്റിന്റെ നിലനില്പിനെ പോലും ബാധിച്ചിരിക്കുന്നത്.
ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, മുഴക്കുന്ന്, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുമാണ് സെന്ററിന്റെ പരിധിയിൽ വരുന്നത്. ഒരേ സമയം 10 പേർക്ക് ഡയാലിസിസ് നടത്താനാകുന്ന വിധം 10 യൂണിറ്റുകളാണ് ഇവിടുള്ളത്. മൂന്നു ഷിഫ്റ്റുകളാക്കിയാൽ 100 വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും.
ആശുപത്രി മാനേജ്മെന്റും തദ്ദേശ സ്ഥാപനങ്ങളും ഫണ്ടനുവദിക്കണം
ജനകീയമായി പണം കണ്ടെത്തി പ്രവർത്തിക്കുക എന്നത് ഓരോ വർഷവും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ജീവനക്കാർക്ക് ശന്പളത്തിനായി മാത്രം മാസം 1.5 ലക്ഷം രൂപ കണ്ടെത്തണം. താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ഇരിട്ടി നഗരസഭയ്ക്കൊപ്പം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി വിഹിതമായി പണം അനുവദിച്ചാൽ മാത്രമെ പ്രതിസന്ധി തരണം ചെയ്യാനാകൂ എന്നാണ് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.
കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാക്ക് ആശുപത്രി മനേജ്മെന്റ് ഫണ്ടിൽ നിന്നും വേതനം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇക്കാര്യം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയെ അറിയിച്ചിരുന്നെങ്കിലും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ്. നിർധനരായ രോഗികൾക്ക് ഡയാലിസിസിനായി സ്വകാര്യ യൂണിറ്റുകളെ ആശ്രയിക്കേണ്ടി വരുന്നത് വൻ സാന്പത്തിക ചെലവിനിടയാക്കും.