കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമണം: പോലീസ് കേസെടുത്തു
1575441
Sunday, July 13, 2025 8:55 AM IST
ഇരിട്ടി: ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും രണ്ടംഗസംഘം തടഞ്ഞുവച്ച് കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ തല്ലിതകർക്കുകയൂം ചെയ്തു. ഇരിട്ടിക്ക് സമീപം വിളക്കോട് ടൗണിൽ റേഷൻ കടയ്ക്ക് സമീപത്തുവച്ച് ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ മുഴക്കുന്ന് സ്വദേശികളായ ഉമ്മർ ഫാറൂഖ് (46), സിനോജ് (30) എന്നിവർക്ക് പരിക്കേറ്റു.
ഉമ്മറിന്റെ ഓട്ടോറിക്ഷയും അക്രമികൾ തല്ലി തകർത്തു. ഉമ്മറിന്റെ സുഹൃത്തിന്റെ സുഹൃത്തുക്കളായ മുഴക്കുന്ന് സ്വദേശികളായ റഹീം, സലീം എന്നിവരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഫോൺ ചെയ്തു വിളിച്ചു വരുത്തിയ ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. രണ്ടാഴ്ച മുന്പ് തട്ടുകടയിൽ വച്ച് കൊട്ടിയൂർ തീർഥാടനം കഴിഞ്ഞെത്തിയ ഭക്തരുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടതിൽ ഇടപെട്ട് സംസാരിച്ച വൈരാഗ്യമാണ് ആക്രമണ കാരണം എന്നാണ് പരാതിക്കാരൻ പറയുന്നത്.