കർഷകരുടെ സമരകൂട്ടായ്മ സംഘടിപ്പിച്ചു
1575809
Tuesday, July 15, 2025 1:05 AM IST
ആലക്കോട്: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ കടന്നുപോകുമ്പോൾ ഭൂമിയും വിളകളും വീടും നഷ്ടപ്പെടുന്ന കർഷകരുടെ സമര കൂട്ടായ്മ സംഘടിപ്പിച്ചു. പാടിയോട്ടുചാലിൽ നടന്ന സമര കൂട്ടായ്മയിൽ ഭൂമി നഷ്ടപ്പെടുന്ന നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. പടിയോട്ടുചാലിൽ നടന്ന സമര കൂട്ടായ്മ ആലക്കോട് മേഖലാ ആക്ഷൻ കമ്മിറ്റി കൺവീനർ ടോമി കുമ്പിടിയാമാക്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് പൊൻപാറ അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി ഉദ്യോഗസ്ഥർ സാധാരണ കൃഷിക്കാരെ പറഞ്ഞു പറ്റിച്ച് ഭൂമിയുടെ കരം അടച്ച രസീതും സമ്മതപത്രവും വാങ്ങിയതിനു ശേഷം സെന്റിന് മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള കൃഷിഭൂമിയിൽ ടവറിന്റെ പണി ആരംഭിച്ചതിനുശേഷം മാത്രമാണ് കൃഷിക്കാർ ചതി മനസിലാക്കിയതെന്ന് കർഷകർ പറയുന്നു.
രണ്ടര സെന്റിന് 6000 രൂപയാണ് നഷ്ടപരിഹാരമായി പാടിച്ചാൽ പ്രദേശത്ത് കൃഷിക്കാർക്ക് കെഎസ്ഇബി നൽകിയത്. റോഡ് നിർമിക്കുന്നതിനും ടവർ സ്ഥാപിക്കുന്നതിനുമായി വിളകൾ മുറിച്ചുമാറ്റിയതിന് ഒരു രൂപ പോലും നഷ്ടപരിഹാരം നാളിതുവരെയായിട്ടും കൃഷിക്കാർക്ക് ലഭിച്ചിട്ടില്ലന്നും കർഷകർ പറയുന്നു. കർഷകന്റെ വിളകൾക്കും വീടിനും ഭൂമിക്കും അതതു പ്രദേശത്ത് നിലവിലുള്ള വില ലഭിക്കാതെ ഇനി ഭൂമിയിൽ കയറി ഒരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കില്ലെന്നാണ് കർഷകരുടെ തീരുമാനം.
ആലക്കോട് മേഖലയിലെ ആക്ഷൻ കമ്മിറ്റിയുമായി കൂട്ടായി ചേർന്ന് തുടർ സമരം നടത്താനും യോഗം തീരുമാനിച്ചു. ബെന്നി ഇടിയാംകുന്നേൽ, മാത്തുക്കുട്ടി, ഷാജി. ഉമ്മർ പൊയിൽ, ഒ.ജെ. ജോൺ, രാജേഷ് എന്നിവർ പ്രസംഗിച്ചു.