ഡയാലിസിസ് സെന്റർ പ്രതിസന്ധി; ബദൽ മാർഗം തേടുന്നു
1575564
Monday, July 14, 2025 1:57 AM IST
ഇരിട്ടി: സാമ്പത്തിക പ്രതിസന്ധി മൂലം നിലനില്പ് ഭീഷണി നേരിടുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടാതിരിക്കാനായി ബദൽ മാർഗം തേടുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വ്യക്തികളുടെയും സംഘടനകളുടെയും സഹായം തേടാനും സുമനസുകളെ നേരിട്ടു സമീപിക്കാനും ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ അടിയന്തര നിർവഹണ സമിതി യോഗം തീരുമാനിച്ചു. നടത്തിപ്പിനു പണം കണ്ടെത്താനാകാതെ വന്നതോടെ ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പളം ഉൾപ്പെടെ മുടങ്ങുകയും ഡയാലിസിസ് സെന്റർ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയുമാണ്.
ഫണ്ട് സമാഹരണത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സുമനസുകൾ എന്നിവരെ നേരിൽക്കണ്ടു ഫണ്ട് സമാഹരണം നടത്തും. സമ്മാനക്കൂപ്പൺ പദ്ധതി നടപ്പാക്കും. കൂടുതൽ ആളുകളെ സൊസൈറ്റി അംഗങ്ങളാക്കി പ്രവേശനഫീസും വരിസംഖ്യയും വഴി വരുമാന വർധന ഉറപ്പാക്കും.
കൂടുതൽ ഫണ്ട് സമാഹരിച്ച് മൂന്നാമത്തെ ഷിഫ്റ്റു കൂടി ലക്ഷ്യം വയ്ക്കാനും സൊസൈറ്റി യോഗം തീരുമാനിച്ചു. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. എസ്ബിഐ ഇരിട്ടി ശാഖ മുഖേന സംഭാവനകൾ അയയ്ക്കാം: കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി, അക്കൗണ്ട് നമ്പർ: 40789435811, ഐഎഫ്എസ്സി കോഡ്: എസ്ബിഐഎൻ 0017063.