തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയത്തിനായി പ്രവർത്തിക്കണം: സണ്ണി ജോസഫ്
1575802
Tuesday, July 15, 2025 1:05 AM IST
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള ദിവസങ്ങൾ വിനിയോഗിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി കെപിസിസി ആഹ്വാന പ്രകാരമുള്ള സമരസംഗമം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന് അനാവശ്യമായ നീട്ടികൊണ്ട് പോകല്‍ നടത്തുകയാണ്. ഈ മാസം 21 ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറയുന്നത്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ തള്ളേണ്ടവരെ തള്ളിക്കാനും ചേര്‍ക്കാനുള്ളവരെ ചേര്ക്കാ നും പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്കു മാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി , രാജ്മോഹന്‍ ഉണ്ണിത്താന് എംപി എന്നിവർ പ്രസംഗിച്ചു. സജിവ് ജോസഫ് എംഎല്‍എ, പി.എം. നിയാസ്, സോണി സെബാസ്റ്റ്യന്‍, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണന്, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു,
ഡിവൈഎഫ്ഐ- എസ്എഫ്ഐ സമരാഭാസം സർക്കാരിന്റെ വീഴ്ച
മറച്ചുവയ്ക്കാൻ: അടൂർ പ്രകാശ്
ആരോഗ്യമേഖലയിലെ വീഴ്ച മറച്ചു വയ്ക്കാനാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും കേരളത്തില്‍ സമരാഭാസം നടത്തുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് പറഞ്ഞു. സമര സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം നമ്പര്‍ വണ്‍ എന്നാണ് പിആര്‍ വര്‍ക്കിലൂടെ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങള്‍ വെളിവാക്കുന്നത് ഈ അവകാശ വാദം വെറും പൊള്ളയാണെന്നാണ്.
വരുന്ന തദ്ദേശ തെരഞ്ഞെത്തെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി നിന്നാല്‍ യുഡി എഫിന് ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയുള്ള കാലയളവില്‍ നേതാക്കളും പ്രവര്‍ത്തകരും അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.