കുഴി,കുഴി,കുഴി.... അന്തര്‍സംസ്ഥാനപാത
1575547
Monday, July 14, 2025 1:57 AM IST
കാസര്‍ഗോഡ്: ചെര്‍ക്കള -കല്ലടുക്ക അന്തര്‍സംസ്ഥാനപാതയില്‍ കുഴിയടയ്ക്കുന്നതിനു എട്ടു ലക്ഷം രൂപ അനുവദിച്ചിട്ടും മഴ മാറാത്തതിനാല്‍ കുഴിയടയ്ക്കാനായിട്ടില്ല. കുഴികള്‍ വന്‍കുഴികളായി മാറുകയും ചെയ്തു. മഴ ശക്തമായാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമാകും.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭാഗികമായി നവീകരിച്ച് പ്രവൃത്തി മുടങ്ങിയ റോഡാണിത്. കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് കുഴി നികത്താനുള്ള ഫണ്ടാണ് കാലവര്‍ഷം തുടങ്ങിയപ്പോള്‍ ലഭിച്ചത്.
മഴ മാറിക്കിട്ടിയാല്‍ കുഴി നികത്താനാകുമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചു. ചെര്‍ക്കള മുതല്‍ ഉക്കിനടുക്കവരെ 19.94 കിലോമീറ്റര്‍ റോഡ് 2018 ജൂലൈയിലാണ് ഈ റോഡിന്റെ ടെന്‍ഡറായത്. 2018 ഒക്ടോബര്‍ 10നാണ് കരാര്‍ ഒപ്പുവച്ചത്. 2019 ഒക്ടോബര്‍ 24വരേയായിരുന്നു നവീകരണ കാലാവധി. 35,68,01,761 രൂപയായിരുന്നു കരാര്‍ത്തുക.
ആദ്യത്തെ ലെയര്‍ ടാറിംഗിനുശേഷം രണ്ടാമത്തെ ലെയര്‍ ടാറിംഗ് നടത്തിയിട്ടില്ല. ഇതിനിടയില്‍ കരാറുകാരന് പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരനെ മാറ്റി വേറെ കരാറുകാരനെ ഏല്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും മുടങ്ങിയ പ്രവൃത്തി തുടങ്ങിയിട്ടില്ല. 78 ശതമാനം പ്രവൃത്തി മാത്രമാണ് നടന്നത്. പള്ളത്തടുക്ക, കരിമ്പില, നെക്രാജെ, ചേടിക്കാന, എടനീര്‍ എന്നിവിടങ്ങളിലൊക്കെ നിറയെ കുഴികളാണുള്ളത്.
പള്ളത്തടുക്ക, നെക്രാജെ, എടനീര്‍ എന്നിവിടങ്ങളില്‍ നിറയെ കുഴികളായതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ റോഡില്ലാത്ത സ്ഥിതിയാണ്. ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് യന്ത്രത്തകരാറുണ്ടാകുന്നു.
ചെര്‍ക്കള കല്ലടുക്ക അന്തര്സംസ്ഥാനാന്തര പാതയില്‍ എതിര്‍ത്തോട് വളവില്‍ നിലവിലുള്ള കലുങ്കിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ അരികിലുള്ള തോട്ടിലേക്ക് വീണ് വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അടിയന്തരമായി സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.