എടൂർ ഇടവകയുടെ 18-ാമത് സ്നേഹവീടൊരുങ്ങി
1575563
Monday, July 14, 2025 1:57 AM IST
എടൂർ: നിർധന കുടുംബത്തിനു സ്നേഹവീടൊരുക്കി എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രം കൂട്ടായ്മ. താക്കോൽ ഇന്നു രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ പള്ളി വികാരി ഫാ. തോമസ് വടക്കേമുറിയിൽ സ്നേഹവീട് കൈമാറും. എടൂർ ഇടവകയുടെ നേതൃത്വത്തിൽ അഞ്ചു വർഷത്തിനിടെ കൈമാറുന്ന 18 -ാമത് വീടാണിത്. ഇത്തവണ പേരു വെളിപ്പെടുത്താൻ താത്പര്യം ഇല്ലാത്ത ഒരു ഇടവകാംഗമാണ് പ്രധാനമായും ധനസഹായം നൽകിയത്.
തലശേരി രൂപത പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമാണ പദ്ധതിയുടെയും എടൂർ ഇടവക പ്ലാറ്റിനം ജൂബിലി സ്മാരക ഭവന പദ്ധതിയുടെയും ഭാഗമായാണ് എടൂർ ഇടവകയിൽ "ഈശോയ്ക്കൊരു വീട്' ഭവന പദ്ധതിക്കു രൂപം നൽകിയത്. ഭവനരഹിതരില്ലാത്ത ഇടവക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. അതിരൂപതയിൽ ബിഷപ് വള്ളോപ്പിള്ളി ഭവന പദ്ധതിയിൽ നാലുവർഷത്തിനകം 900 വീടുകൾ കൈമാറി.
ഏഴുലക്ഷം രൂപ ചെലവിൽ 630 ചതുരശ്ര അടിയിൽ രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, സിറ്റ്ഔട്ട്, വർക്ക് ഏരിയ എന്നിവയുള്ള ടൈൽ വിരിച്ചു വയറിംഗും പ്ലംബിംഗും ഉൾപ്പെടെ പൂർത്തിയാക്കിയാണു വീടു നിർമിച്ചത്. നിർമാണം നടത്തിയ നിഷാദ് സെബാസ്റ്റ്യൻ തോണക്കരയെ ആദരിക്കും. ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ പി.വി. ജോസഫ് പാരിക്കാപ്പള്ളി, ജോസഫ് വേകത്താനം, ബോബി ഓടയ്ക്കൽ, ഇടവക കോ-ഓഡിനേറ്റർ സി.ജെ. ജോസഫ്, കൈക്കാരൻമാരായ മാത്യൂസ് കൂട്ടിയാനി, ഔസേപ്പച്ചൻ പാംപ്ലാനി, മാത്യു ഒരപ്പാംകുഴി, ബിജു കുന്നുംപുറം, വാർഡ് പ്രതിനിധികളായ ബെന്നി കൊച്ചുമല, ജോസഫ് കൊച്ചുപറമ്പിൽ എന്നിവർ പ്രവർത്തങ്ങൾക്കു നേതൃത്വം നൽകി.