മാടായി കോളജ് നിയമന വിവാദം: കോണ്‍ഗ്രസ് യോഗം അലങ്കോലമായി
1575545
Monday, July 14, 2025 1:57 AM IST
പയ്യന്നൂര്‍: മാടായി കോളജിലെ നിയമനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പുകയുന്നതിനിടെ ചേര്‍ന്ന കുഞ്ഞിമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിൽ ബഹളവും വാക്കേറ്റവും. എടനാട് മഹാത്മ മന്ദിരത്തില്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗമാണ് പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത്.
കോളജിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കുഞ്ഞിമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജിവച്ചിരുന്നു. നേരത്തെ പ്രതിഷേധത്തിന് മുന്നില്‍നിന്ന ചിലര്‍ക്കെതിരെ ഡിസിസി അച്ചടക്കനടപടിയും സ്വീകരിച്ചിരുന്നു. തുടർന്നും പ്രതിഷേധം രൂക്ഷമായപ്പോള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് ഡിസിസി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായില്ല. മണ്ഡലത്തില്‍ അതിനു ശേഷം പാര്‍ട്ടി പരിപാടികള്‍ ഒന്നുംതന്നെ നടന്നിരുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും നേതൃത്വത്തിന് ഒരു അനക്കവുമില്ലാത്ത സാഹചര്യത്തില്‍ വിമതവിഭാഗം കുഞ്ഞിമംഗലത്ത് പ്രതിഷേധ കണ്വന്ഷന് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടയിലാണ് ഇപ്പോള്‍ വീണ്ടും മണ്ഡലം പ്രസിഡന്റാക്കിയെന്ന് അവകാശപ്പെടുന്നതും നേരത്തെ രാജിവച്ചയാളുമായ നേതാവ് ഇന്നലെ മണ്ഡലം കമ്മിറ്റിയോഗം വിളിച്ചുചേർത്തത്. എന്നാല്‍ ഭാരവാഹികളുള്‍പ്പെടെയുള്ള ഭൂരിപക്ഷം കമ്മിറ്റിയംഗങ്ങളേയും അറിയിക്കാതെയാണ് യോഗം നടത്താന്‍ ശ്രമിച്ചതെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.
യോഗം നടക്കുന്ന വിവരമറിഞ്ഞെത്തിയ ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് യോഗം അലങ്കോലമായത്. മാടായി കോളജ് വിഷയുമായി ബന്ധപ്പെട്ട് ഡിസിസി സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യപ്പെട്ട കെ.പി.ശശി, കെ.വി. സതീഷ് കുമാര്‍, എ.വി.തമ്പാന്, വി.വി.ബിജു, ടി.വി. നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടത്തുന്നത് ചോദ്യം ചെയ്തത്. ഡിസിസിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് നേതാക്കളായ എം.പി. ഉണ്ണികൃഷ്ണന്, എം.കെ. രാജന് എന്നിവർ ഉറപ്പു നൽകി. ഇതേ തുടർന്ന് യോഗം നടത്താതെ എല്ലാവരും പിരിയുകയായിരുന്നു.