പ്രാദേശിക സാമ്പത്തികവികസനത്തിന് ഊന്നല്‍ നല്‍കണം: മന്ത്രി രാജേഷ്
1243646
Sunday, November 27, 2022 4:28 AM IST
കാഞ്ഞങ്ങാട്: തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് മന്ത്രി എം.ബി.രാജേഷ്. സേവനങ്ങളോടൊപ്പം പ്രാദേശിക സാമ്പത്തികോല്പാദനം വര്‍ധിപ്പിക്കുകയും ലക്ഷ്യം വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള തദ്ദേശകം 2.0 കാസര്‍ഗോഡ് ജില്ലാതല അവലോകന യോഗം പടന്നക്കാട് കാര്‍ഷിക കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരു തദ്ദേശസ്ഥാപനത്തില്‍ ഒരു ഉത്പന്നം എന്ന രീതിയില്‍ സൂക്ഷ്മ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കണം. ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന വ്യവസായ വകുപ്പിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണ നല്‍കണം. പദ്ധതിയുടെ ഭാഗമായി ഇതിനകം 80000 സംരംഭങ്ങള്‍ സംസ്ഥാനതലത്തിലും 1924 സംരംഭങ്ങള്‍ ജില്ലയിലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍ മാത്രം ഏഴു മാസത്തിനുള്ളില്‍ 3820 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി വേഗത്തില്‍ ലഭ്യമാക്കണമെന്നും നിഷേധാത്മക സമീപനം പാടില്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കണം. ഇതിന് തടസമാകുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനത്തോടൊപ്പം അതിദാരിദ്ര്യ നിര്‍മാര്‍ജനം, വാതില്‍പടി സേവനം, ലൈഫ് മിഷന് ഭവനനിര്‍മാണം, എബിസി കേന്ദ്രങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം.
കേരളത്തില്‍ 64,006 പേരെയാണ് അതിദരിദ്രരായി സര്‍വേയില്‍ കണ്ടെത്തിയത്. ഇവര്‍ക്കുവേണ്ടി മൈക്രോ പ്ലാന്‍ നടപ്പിലാക്കണം. അതി ദരിദ്രര്‍ക്ക് പുതുവര്‍ഷത്തിനു മുമ്പ് എല്ലാ രേഖകളും ലഭ്യമാക്കും. സേവനാവകാശങ്ങള്‍ എല്ലാവര്ക്കും കിട്ടണം. തദ്ദേശസ്ഥാപനങ്ങള്‍ ഇവര്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ വാതില്‍പടി സേവനങ്ങള്‍ വോളണ്ടിയര്‍മാരെ ഉപയോഗിച്ച് വീടുകളില്‍ എത്തിക്കണം. മാലിന്യപരിപാലനം പ്രാദേശിക സര്‍ക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. നാലുകൊല്ലം കൊണ്ട് കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഹരിതകര്‍മ സേനകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) ഡയറക്ടര്‍ എച്ച്.ദിനേശന്, ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, കാസര്‍ഗോഡ് നഗരസഭാധ്യക്ഷന്‍ വി.എം.മുനീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വത്സലന്‍ (കയ്യൂര്‍ ചീമേനി), ടി.കെ.രവി (കിനാനൂര്‍ കരിന്തളം), എ.പി.ഉഷ (ദേലംപാടി), എം.ശ്രീധര (ബെള്ളൂര്‍), ഖാദര്‍ ബദരിയ (ചെങ്കള), തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി.മുസ്തഫ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, വകുപ്പ് ഉദ്യോഗസ്ഥരായ എസ്.അജയകുമാര്‍, ഡി.സാജു, ടി.സജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് മന്ത്രി പുരസ്കാരം നല്കി.