മയക്കുമരുന്നിനെതിരേ സര്‍വകക്ഷിയോഗം
1263261
Monday, January 30, 2023 12:42 AM IST
പുങ്ങംചാല്‍: എംഡിഎംഎയും കഞ്ചാവുമടക്കമുള്ള മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ അകറ്റിനിര്‍ത്താനും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാനും പുങ്ങംചാലില്‍ ചേർന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മികവോടെ മലയോരം സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് "മയക്കുമരുന്നിന് മലയോരത്ത് ഇടമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തത്തോടെ യോഗം സംഘടിപ്പിച്ചത്.
പുങ്ങംചാല്‍ പ്രദേശത്തെ ലഹരി വ്യാപനത്തിനെതിരായി ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സായാഹ്നവും ബോധവത്കരണവും കലാപരിപാടികളും സംഘടിപ്പിക്കും. പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി നടത്തുക. വാര്‍ഡ് അംഗം കെ.കെ. തങ്കച്ചന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.എ. ജെയിംസ്, ലില്ലിക്കുട്ടി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.സി. രാധാകൃഷ്ണന്, ടി.വി. തമ്പാന്, ആന്റക്സ് ജോസഫ്, വെള്ളരിക്കുണ്ട് പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കല്‍, സംഘമിത്ര പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് എ.സി. വിനോദ് കുമാര്‍, പി. വേണുഗോപാല്‍, ഭാസ്കരന് കരുവങ്കയം, രാമചന്ദ്രന് പട്ടേന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ സംഘാടകസമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസിനെയും ജനറല്‍ കണ്‍വീനറായി സിപിഎം ലോക്കല്‍ സെക്രട്ടറി എം.സി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.