കുഴൽക്കിണറുണ്ട്, ടാങ്കുണ്ട്, ജലനിധിയുണ്ട്, എന്നിട്ടും സർക്കാരിയ കോളനിക്കാർക്ക് കുടിവെള്ളത്തിനായി അലച്ചിൽ
1274127
Saturday, March 4, 2023 1:09 AM IST
കടുമേനി: പറയാനാണെങ്കിൽ പട്ടികവർഗ വകുപ്പിന്റെ ജലവിതരണ പദ്ധതിയുണ്ട്. പഞ്ചായത്ത് നിർമിച്ച ജലസമൃദ്ധമായ കുഴൽക്കിണറുണ്ട്. ഇതിനെല്ലാം പുറമേ പഞ്ചായത്തിന്റെ ജലനിധി പദ്ധതിയുമുണ്ട്. ഇതൊക്കെയായിട്ടും വേനൽക്കാലം തുടങ്ങിക്കഴിഞ്ഞാൽ കുടിവെള്ളത്തിനായി പാത്രങ്ങളും തലയിലേന്തി അലയാനാണ് കടുമേനി സർക്കാരിയ കോളനി നിവാസികളുടെ വിധി.
65 കുടുംബങ്ങളാണ് കോളനിയിലുള്ളത്. 2002 ലാണ് സർക്കാരിയ കോളനിക്കും തൊട്ടടുത്ത മറ്റൊരു കോളനിക്കുമായി പട്ടികവർഗ വികസന വകുപ്പ് കുടിവെള്ള സംഭരണിയും പൈപ്പ് ലൈനുകളും സ്ഥാപിച്ചത്. എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് പൈപ്പുകൾ പലതും പൊട്ടി പദ്ധതി പാളിപ്പോയി. ഇതിനിടെ പഞ്ചായത്ത് തന്നെ കോളനിയിൽ ഒരു കുഴൽക്കിണർ കുഴിച്ചു. അതിലും സുലഭമായി വെള്ളം കിട്ടുന്നുണ്ട്. ഇതിൽ ഒരു മോട്ടോർ സ്ഥാപിച്ച് ജലസംഭരണിയിൽ വെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടായാൽ തന്നെ കോളനിയുടെ കുടിവെള്ളപ്രശ്നം തീരും. പക്ഷേ ജലനിധി പദ്ധതി തുടങ്ങിയ ഇടങ്ങളിൽ മറ്റു കുടിവെള്ള പദ്ധതികൾക്കൊന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നതാണ് പ്രശ്നം.
എന്നാൽ പിന്നെ ജലനിധി തന്നെ മതിയെന്നുവച്ചാൽ റോഡിനോട് താരതമ്യേന അടുത്തുള്ള 30 വീട്ടുകാർക്ക് മാത്രമാണ് അതുവഴി കുടിവെള്ളം കിട്ടുന്നത്. ഉയരം കൂടിയ ഇടങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളം കിട്ടുന്നില്ല. അവർക്ക് ഇപ്പോഴും മറ്റിടങ്ങളിൽ പോയി പാത്രങ്ങളിൽ കുടിവെള്ളം നിറച്ച് തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥയാണ്. കോളനിയിൽ നിന്നും 300 മീറ്റർ അകലെയുള്ള അഞ്ചില്ലത്ത് ഉമ്മറിന്റെ കിണറാണ് ഏറെപ്പേർക്കും ആശ്രയം.
സാങ്കേതിക തടസങ്ങൾ മാറ്റിവെച്ച് നിലവിലുള്ള കുഴൽക്കിണറും ടാങ്കും ഉപയോഗപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.