കാർഷിക മേഖലയിലേക്ക് നവാഗതരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി
1261556
Tuesday, January 24, 2023 1:01 AM IST
അഞ്ചല്‍: കാർഷിക മേഖല സമ്പൂർണമായി നവീകരിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തേക്ക് കൂടുതലായി പുതിയ കർഷകരെ ആകർഷിക്കാൻ ആധുനിക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയായിരുന്നു മന്ത്രി. കൃഷി ചെയ്ത് ഭക്ഷിക്കുന്നവരേക്കാൾ പതിന്മടങ്ങ് വാങ്ങി ഭക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് കേരളത്തിന് ആശാസ്യമല്ല. ഇത് മറികടക്കാൻ കൂടുതൽ ഭൂമി കണ്ടെത്തി ആധുനിക കൃഷി രീതികൾ നടപ്പിലാക്കി യുവാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
നാളികേരത്തിന്റെ വൈവിധ്യ ഉത്പന്നങ്ങൾ നിർമിക്കാനും അത്യുല്പാദന ശേഷിയുള്ള തെങ്ങിന് തൈകൾ വിതരണം ചെയ്തും യന്ത്രവൽക്കരണം നടപ്പിലാക്കിയും കേരകൃഷി വികസിപ്പിക്കും. പുനലൂർ താലൂക്കിലെ എല്ലാ പഞ്ചായത്തിലും കേരഗ്രാമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
ചടങ്ങിൽ പി എസ് സുപാൽ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഷൗക്കത്ത്, കെ.സി ജോസ്, ലിജു ജമാൽ, എം സജാദ്, രാജീവ് കോശി, കൃഷിഓഫീസർ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ ആനുകൂല്യങ്ങളുടെ വിതരണം നടന്നു.