ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹം: പികെഎസ്
1265189
Sunday, February 5, 2023 11:08 PM IST
കൊല്ലം: പട്ടികജാതി ജനവിഭാഗത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ബജറ്റ് എന്നും നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
നിലവിലുള്ള പദ്ധതികൾക്ക് പുറമെ ഒന്പത്, പത്ത് ക്ലാസുകളിലെ പട്ടിക വിഭാഗം വിദ്യാർഥികൾക്ക് പുതുതായി അനുവദിച്ച പ്രീമെട്രിക് സ്കോളർഷിപ്പും പട്ടികജാതി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പാക്കേജും അധ:സ്ഥിത ജനവിഭാഗത്തിന്റെ വിമോചന പോരാട്ടത്തിൽ നിർണായക സ്ഥാനമുള്ള കൊല്ലം കന്റോൺമെന്റ് മൈതാനം കല്ലമാല സമരത്തിന്റെ സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ചതും അഭിനന്ദനാർഹമായ കാര്യമാണ്.
അർഹതപ്പെട്ട നികുതി വിഹിതം വൈകിപ്പിച്ചും കടമെടുപ്പ് അവകാശം നിഷേധിച്ചും പട്ടികജാതി ക്ഷേമത്തിനുള്ള അർഹതപ്പെട്ട വിഹിതം അനുവദിക്കാതെയും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന സാഹചര്യത്തിലാണ് കഴിഞ്ഞവർഷത്തേക്കാൾ 104 കോടി രൂപ അധികം പട്ടികജാതി വികസനത്തിന് കേരളം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് .ദലിത് ജനവിഭാഗത്തോടുള്ള ഇടതു സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതെന്ന് പി കെ എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി അഡ്വ. കെ സോമപ്രസാദും പ്രസ്താവനയിൽ അറിയിച്ചു.