യുഎസ് നികുതി രംഗത്ത് തൊഴിലവസരം: കോഴ്സിന് അപേക്ഷിക്കാം
1265449
Monday, February 6, 2023 11:05 PM IST
കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ഹയർ ആൻഡ് ട്രെയിൻ മാതൃകയിൽ നടപ്പിലാക്കുന്ന എൻറോൾഡ് ഏജന്റ് എന്ന തൊഴിൽ പരിശീലന കോഴ്സിന് കൊല്ലം കുളക്കടയിലെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ ലെറ്ററും നൽകും. തൊഴിലിലേക്ക് തെരഞ്ഞെടുത്ത ശേഷം, അതിനനുസൃതമായ പരിശീലനവും തുടർന്ന് ജോലിയും നൽകുന്ന രീതിയാണ് ഹയർ ആൻഡ് ട്രെയിൻ.
ബി.കോം, എംകോം, ബിബിഎ, എംബിഎ-ഫിനാൻസ് ബിരുദധാരികൾക്കും സിഎ ഡ്രോപ്പ് ഔട്ട്സ് ആയവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അവസാനവർഷ വിദ്യാർഥികൾക്കും ആണ് ഈ കോഴ്സിൽ അഡ്മിഷൻ നേടാൻ കഴിയുന്നത്. യുഎസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യുഎസ് ഫെഡറൽ ഏജൻസിയായ ഐആർഎസിന്് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള ഒരു പ്രഫഷണലാണ് എൻറോൾഡ് ഏജന്റ്.
ആറുമാസം വരുന്ന പരിശീലനപദ്ധതിയിലൂടെ വിദ്യാർഥികളെ അമേരിക്കൻ ഇന്റേണൽ റവന്യൂ സർവീസ് നടത്തുന്ന സ്പെഷൽ എൻറോൾമെന്റ്മ പരീക്ഷ എഴുതാൻ പ്രാപ്തരാക്കും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കേറ്റ് നേടുന്ന വിദ്യാർഥികൾ യുഎസിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും.
ഗ്രാമീണ മേഖലകളിലെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കോഴ്സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്. കാനറാ ബാങ്കിന്റെ സ്കിൽ ലോൺ സൗകര്യം കോഴ്സിന് ലഭ്യമാണ്. വിവരങ്ങൾക്ക്: 9495999684, 9747793478, 7736808909.