ഗ്രീന്‍ ക്രാഫ്റ്റ്സ് പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം നാളെ തഴവയില്‍
1395988
Tuesday, February 27, 2024 11:35 PM IST
കൊല്ലം: പരമ്പരാഗത തൊഴില്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി കേരള കരകൗശല വികസന കോര്പറേഷന് ആരംഭിക്കുന്ന ഗ്രീന്‍ ക്രാഫ്റ്റ്സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തഴവ പാവുമ്പ ചുരളി കോളനിയില്‍ നാളെ രാവിലെ 10 ന് മന്ത്രി കെ.രാധാകൃഷ്ണന് നിര്‍വഹിക്കും.
തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന 100 ഗുണഭോക്താക്കള്ക്കായിട്ടാണ് ഒന്നാംഘട്ടത്തില്‍ പരമ്പരാഗത തൊഴില്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തഴ, ഈറ്റ, മുള, ചൂരല്‍ തുടങ്ങിയവ കൊണ്ട് കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നൈപുണ്യ വികസന പരിപാടികളിലൂടെ മൂല്യവര്‍ധനവ് ഉറപ്പ് വരുത്തി, വരുമാന നിലവാരം വര്‍ധിപ്പിക്കുന്നതിനും, പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ലക്ഷ്യമിടുന്നു.
കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ്ഡവലപ്മെന്റ് (സിഎംഡി) ആണ് പദ്ധതിയുടെ നിര്‍വഹണം.
പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമെന്ന് കരകൗശല വികസന കോര്പറേഷന് ചെയര്മാന് പി.രാമഭദ്രന് പറഞ്ഞു.
മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സിഎംഡി പ്രോജക്ട് ഓഫീസര്‍ ഡി.സരോജം പദ്ധതി വിശദീകരണം നടത്തും.
അഡ്വ.എ.എം.ആരിഫ് എംപി, സി.ആര്.മഹേഷ് എംഎല്‍എ, കരകൗശല വികസന കോര്പറേഷന് ചെയര്മാന് പി.രാമഭദ്രന്, അഡ്വ.കെ.സോമപ്രസാദ് ,കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്, കാപെക്സ് ചെയര്മാന് എം.ശിവശങ്കര പിള്ള, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്, കരകൗശല വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.എസ്.കൃപ കുമാര്‍, ഡോ.ബിനോയ്.ജെ.കാറ്റാടിയില്‍ ഗേളി ഷണ്മുഖന്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതകുമാരി, എ.അനിരുദ്ധന്, ഷൈലജ, അഡ്വ.ആര്.അമ്പിളിക്കുട്ടന്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി മണികണ്ഠന്, ബിജു.ബി, മധു മാവേലില്‍, പി.എം.വിനോദ്, രാമചന്ദ്രന് മുല്ലശേരി, ഒ.സുധാമണി, ടി.ഗോപാലകൃഷ്ണന്, ശൂരനാട് അജി, വൈ.മനു, എം.വിനോഷ്, എസ്.റഷീദ,് എ.വാഹിദ്, അഡ്വ.സുധീര്കാരിയ്ക്കല്, പി.ബി.സത്യദേവന്, അഡ്വ.കെ.എ.ജാവേദ്,കടത്തൂര്‍ മന്‍സൂര്‍, ശരത് കുമാര്‍,തുടങ്ങിയവർ പ്രസംഗിക്കും.