മകൻ ഉപേക്ഷിച്ച വയോ ധികയ്ക്ക് ആശ്രയ സങ്കേതത്തിൽ അഭയം
1415819
Thursday, April 11, 2024 10:57 PM IST
കൊട്ടാരക്കര: ഏകമകൻ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ജീവിതത്തിൽ തനിച്ചായ വയോധികയ്ക്ക് ആശ്വാസതണലായി കലയപുരം ആശ്രയ സങ്കേതം.
ഉമ്മന്നൂർ സ്വദേശിനിയും വർഷങ്ങളായി ബാംഗളൂരിൽ സ്ഥിര താമസക്കാരിയുമായിരുന്ന ലീലാമ്മ രാജനെയാണ് ( 70 ) ആശ്രയ ഏറ്റെടുത്തത്.
ഒൻപത് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെ മകന്റെ കൂടെയായിരുന്നു ലീലാമ്മയുടെ താമസം.
എന്നാൽ പലപ്പോഴും അമ്മയെ മകൻ മാനസികമായി കുറ്റപ്പെടുത്തികൊണ്ടിരുന്നു. ഒടുവിൽ ലീലാമ്മയെ മകനും കുടുംബവും ഉപേക്ഷിച്ചുപോയതോടെ ആകെ തകർന്നുപോയ അവർ ഒറ്റയ്ക്ക് വാടക വീട്ടിലായി താമസം. അതോടൊപ്പം പല വീടുകളിലും അടുക്കള ജോലികൾ ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ വാർധക്യ സഹജമായ അസുഖങ്ങൾ മൂലം പലപ്പോഴും ജോലിയ്ക്കു പോകാൻ കഴിയാത്തതിനാൽ വീട്ട് വാടക കൊടുക്കാനോ മരുന്ന് വാങ്ങാനോ കഴിയാതെ വളരെയധികം ദുരിതത്തിലായി ലീലാമ്മ.
ഒടുവിൽ വാടക വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കേണ്ട സാഹചര്യത്തിലെത്തിയ ലീലാമ്മയെ അവരുടെ അകന്ന ബന്ധു ആശ്രയയുടെ തണലിൽ എത്തിക്കുകയായിരുന്നു.ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ നേതൃത്വത്തിൽ ലീലമ്മയെ ഏറ്റെടുത്തു.