കൊല്ലം-ഹൈദരാബാദ് റൂട്ടിൽ സ്പെഷൽ ട്രെയിൻ
1561853
Friday, May 23, 2025 6:10 AM IST
കൊല്ലം: അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നും രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7. 10ന് കൊല്ലത്ത് എത്തും. തിരികെ തിങ്കൾ രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ എത്തും.
ഇരു റൂട്ടുകളിലുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 18 സ്ലീപർ കോച്ചുകളും ഉണ്ടായിരിക്കും.പതിവുപോലെ മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക ട്രെയിൻ ആയ ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാൽ റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്ത് നൽകിയിരുന്നു.