ചേരിക്കോണത്തെ കുടിവെള്ള വിതരണ പദ്ധതി നിലച്ചു
1561858
Friday, May 23, 2025 6:10 AM IST
കൊട്ടിയം: മഞ്ഞപിത്തം ബാധിച്ച് സഹോദരിമാർ മരിക്കുകയും നിരവധി പേർ രോഗ ബാധിതരാവുകയും ചെയ്ത ചേരിക്കോണത്തെ ശുദ്ധജല വിതരണ പദ്ധതി നിലച്ചത് രോഗ ബാധയുടെ വർധനവിന് കാരണമായാതായി നാട്ടുകാർ. തലച്ചിറ ഭാഗത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് ശുദ്ധജലം ലഭിച്ചിരുന്നുവെങ്കിൽ രോഗബാധയെ പ്രതിരോധിക്കാൻ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.
കോടികൾ ചെലവാക്കിയാണ് തലച്ചിറ - ചേരിക്കോണം ശുദ്ധ ജല പദ്ധതി നടപ്പാക്കിയത്. പദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോൾ മലിനജലം കുടിക്കേണ്ട ഗതികേടിലാണ് തലച്ചിറ നഗർ നിവാസികൾ. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ശുദ്ധജലപദ്ധതി വഴി വെള്ളം ലഭിച്ചത് ഒന്നര വർഷക്കാലം മാത്രമാണ്.
തലച്ചിറനഗറിലേക്കുള്ള റോഡ്, വായനശാല എന്നീ വികസന പദ്ധതികൾക്കൊപ്പമാണ് അന്നത്തെ എംഎൽഎ എം.എ. ബേബി 1.05 കോടി രൂപ വികസനപദ്ധതിയിൽ വകയിരുത്തി മൂന്നു പദ്ധതികൾ നടപ്പാക്കിയത്. 2016 ലാണ് വായനശാലയ്ക്ക് സമീപം ശുദ്ധജല പദ്ധതിക്കായി വലിയ കിണറും 10,000 ലീറ്റർ വീതം സംഭരണശേഷിയുള്ള രണ്ടു പ്ലാസ്റ്റിക് ടാങ്കുകളും ഇതിനായി സ്ഥാപിക്കുന്നത്.
തലച്ചിറ നഗറിലെ 180 വീടുകളിലേക്കും പൈപ്പ് കണക്ഷനും നൽകി. ജലവിതരണ പദ്ധതിക്കായി എസ്സി-എസ്ടി വികസന ഫണ്ടും വിനിയോഗിച്ചു. വൈദ്യുതി ചാർജ് പഞ്ചായത്ത് അടയ്ക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഏഴ് മാസമാണ് പഞ്ചായത്ത് വൈദ്യുതി ചാർജ് അടച്ചത്. പദ്ധതി ആരംഭിച്ച് ഒന്നര വർഷം കഴിഞ്ഞതോടെ രണ്ടു ടാങ്കുകൾക്കും ചോർച്ചയുണ്ടായി.
തുടർന്ന് 2018 മുതൽ ശുദ്ധജല വിതരണം മുടങ്ങി. പിന്നീട് 2023ൽ പുതിയ ടാങ്കുകൾ സ്ഥാപിക്കാൻ പട്ടികജാതി വികസന വകുപ്പ് 2.53 ലക്ഷം രൂപ അനുവദിച്ചു. പുതിയ ടാങ്കുകൾ സ്ഥാപിച്ച് പമ്പിംഗ് ആരംഭിക്കാൻ തുടങ്ങിയപ്പോഴേക്കും പൈപ്പുകൾ എല്ലാം തകരാറിലായി.
പൈപ്പുകൾക്ക് ചോർച്ച ഉണ്ടായി വെള്ളം പാഴായതോടെ പദ്ധതി നിർത്തിവച്ചു. പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെട്ട് പുതിയ പൈപ്പുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.