വനിതാ ചലച്ചിത്ര മേള : നഞ്ചിയമ്മ പാടും; രണ്ടു സംഗീത നിശകളും
1561643
Thursday, May 22, 2025 6:27 AM IST
കൊട്ടാരക്കര: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നാളെ മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മ സംഗീതപരിപാടി അവതരിപ്പിക്കും.
2020ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേകപുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. ഇതുവരെ ഒമ്പത് സിനിമകളില്‍ അവർ പാടിയിട്ടുണ്ട്. 24ന് വൈകുന്നേരം ഏഴിന് കൊട്ടാരക്കര ചന്തമുക്കിലെ മുനിസിപ്പല്‍ സ്ക്വയറില്‍ നടക്കുന്ന നഞ്ചിയമ്മയുടെ സംഗീതപരിപാടിയുടെ ഭാഗമായി ഗോത്ര നൃത്തവുമുണ്ടായിരിക്കും.
25ന് വൈകുന്നേരം ഏഴിന് പിങ്ക് ബാന്‍ഡ് സംഗീതപരിപാടി അവതരിപ്പിക്കും. പിന്നണിഗായിക ആതിര ജനകന്, ഡോ. ദുര്‍ഗ, നീതു ഫൈസല്‍, ഗ്രീഷ്മ, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററി െ ന്റ രണ്ടു സ്ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
രജിസ്ട്രേഷന് തുടരുന്നു
മിനര്‍വ തീയറ്ററിന്റെ രണ്ടു സ്ക്രീനുകളിലായി നടക്കുന്ന മേളയിലേക്കുള്ള പ്രവേശനം 1000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. https:// registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന് നടത്താം. ജിഎസ്ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചന്തമുക്ക് മുനിസിപ്പല്‍ സ്ക്വയറിലെ സംഘാടക സമിതി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടു തീയറ്ററുകളില്‍ മൂന്നു ദിവസങ്ങളിലായി 24 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പായല്‍ കപാഡിയയ്ക്ക് കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്കാരം നേടിക്കൊടുത്ത 'ഓള് വി ഇമാജിന്‍ ഏസ് ലൈറ്റ്' ആണ് ഉദ്ഘാടന ചിത്രം.
ലോകത്തെ മുന്നിരമേളകളില് തെരഞ്ഞെടുക്കപ്പെട്ടതും പുരസ്കാരങ്ങള്‍ നേടിയതുമായ വനിതാ സംവിധായകരുടെ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.