മഞ്ഞപ്പിത്തം: കുട്ടിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് പി.സി. വിഷ്ണുനാഥ് എംഎൽഎ
1562087
Saturday, May 24, 2025 6:12 AM IST
കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണനല്ലൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സാ ചെലവ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഏറ്റെടുത്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അമ്പാടി (12) ചികിത്സയിൽ തുടരുന്നത്.
കുട്ടിയുടെ പിതാവ് മുരളീധരൻ ചികിത്സാ സഹായം അഭ്യർഥിച്ചിരുന്നു. ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ട ശേഷം പി.സി വിഷ്ണുനാഥ് ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു. ആശുപത്രി അധികൃതരുമായി എംഎൽഎ സംസാരിച്ചിരുന്നു. ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
അമ്പാടിയുടെ സഹോദരിമാരായ മീനാക്ഷി, നീതു എന്നിവർ ദിവസങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നത്. അമ്പാടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൂട്ടുനിന്ന സഹോദരിമാർക്ക് മഞ്ഞപ്പിത്തം പിടിപെടുകയുമായിരുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ സഹോദരിമാർ മരണത്തിന് കീഴടങ്ങി. അതേസമയം, നീതുവിൻ െന്റയും മീനാക്ഷിയുടെയും മരണത്തിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.