ഹയര്‍സെക്കൻഡറി: ജില്ലയില്‍ 77.82 ശതമാനം വിജയം
1561867
Friday, May 23, 2025 6:20 AM IST
കൊല്ലം: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ജില്ലയില്‍ 77.82 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 78.10 ശതമാനമായിരുന്നു വിജയം. 2023 ല്‍ 83.91 ശതമാനമായിരുന്നു വിജയം. 134 സ്കൂളുകളിലായി 25,892 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 20,150 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 2,504 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എ പ്ലസ് നേടിവരുടെ എണ്ണത്തിലും കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറവുണ്ട്.
കഴിഞ്ഞ തവണ 3,353 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ജില്ലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഡി.എസ്. നീരജ (ഗവ. എച്ച്എസ്എസ്, കുഴിമതിക്കാട്), വി.ആര് വിദ്യ (കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ്) എന്നിവരാണ് 1200 ല്‍ 1200 മാര്‍ക്കും നേടിയത്.
കഴിഞ്ഞ തവണ 12 വിദ്യാര്‍ഥികള്‍ ജില്ലയില്‍ നൂറുശതമാനം മാര്‍ക്ക് നേടിയിരുന്നു.ജില്ലയില്‍ ഇക്കുറി നൂറുമേനി നേടിയ ഒരു സ്കൂളുമില്ല. കഴിഞ്ഞതവണ ഒരു സ്കൂള്‍ 100 ശതമാനം വിജയം നേടിയിരുന്നു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 45.19 ശതമാനമാണ് വിജയം. 768 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 748 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 338 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴു പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 47 ശതമാനവും 2023 ല്‍ 53.60 ശതമാനവുമായിരുന്നു വിജയം.
വിഎച്ച്എസ്ഇയില് 73.67 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 73.67 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 3,555 വിദ്യാര്‍ഥികളില്‍ 2,619 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 74.96 ആണ് വിജയശതമാനം. 2023ല്‍ 82.54 ശതമാനമായിരുന്നു വിജയം. മഞ്ഞക്കാല ഐജിഎം വിഎച്ച്എസ്.എസ് നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 28 വിദ്യാര്‍ഥികളും വിജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
കിഴക്കേക്കര സെന്റ് മേരീസിന് തിളക്കമാർന്ന വിജയം
കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 237 കുട്ടികളിൽ 199 പേർ പാസായി. 30 പേർക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടി.