പുറ്റിംഗൽ കേസ്: കുറ്റപത്രം നൽകുന്നതിനുള്ളവാദം കേൾക്കൽ 30 ന്
1561870
Friday, May 23, 2025 6:20 AM IST
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം കേൾക്കൽ 30 ന് നടക്കും.അതിനു മുമ്പ് ഈ കേസിൽ വിചാരണ നടത്തുന്നതിനുള്ള സ്പെഷൽ കോടതി ജഡ്ജിയെ ഹൈക്കോടതി നിയമിക്കും. പുതിയ ജഡ്ജിയുടെ സാന്നിധ്യത്തിലായിരിക്കും പ്രാഥമിക വാദം കേൾക്കൽ നടക്കുക.
കേസ് ഇന്നലെ ചാർജ് ജഡ്ജിയായ നാലാം അഡീഷണൽ ആന്റ് സെഷൻസ് കോടതി ജഡ്ജി സി.എം. സീമ മുമ്പാകെയാണ് പരിഗണനക്ക് എത്തിയത്. പ്രതികളിൽ 45 പേർ ഹാജരായി. ഇവർക്ക് കുറ്റപത്രം നൽകുന്നതിനുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ റിപ്പോർട്ടുകളെല്ലാം കോടതിയിൽ എത്തി.
കേസിൽ സ്ഥിരം ഓഫീസറെ ജഡ്ജിയായി നിയമിക്കുന്നതിനുള്ള നടപടികൾ ഹൈക്കോടതിയിൽ നടന്നുവരികയാണെന്നും സിറ്റിംഗിൽ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.