ഭാര്യയെ കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭർത്താവിന് ജീവപര്യന്തം
1561311
Wednesday, May 21, 2025 6:11 AM IST
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൊട്ടിയൂർ പുലിയൂർവഞ്ചി തെക്ക് മുണ്ടപ്പള്ളിൽ വീട്ടിൽ രവീന്ദ്രനെ(67) യാണ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് ശിക്ഷിച്ചത്.
തൊടിയൂർ അടയ്ക്കാമരത്തിൽ വീട്ടിൽ ശ്യാമള ( പൂങ്കൊടി - 42) ആണ് കൊല്ലപ്പെട്ടത്. ശ്യാമളയുടെ ആദ്യ വിഹാത്തിലെ മകൾ ഗോപികയെയും അവരുടെ നാല് വയസുള്ള മകളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്.
2023 ജൂലൈ ആറിന് സന്ധ്യയ്ക്കാണ് സംഭവം നടന്നത്. ഗോപിക നാടൻ പാട്ട് സംഘത്തിലെ അംഗമായിരുന്നു. റിഹേഴ്സലിന് ട്രൂപ്പ് അംഗങ്ങൾ വരുന്നതിനെ ചൊല്ലി പ്രതിയും ശ്യാമളയും ഗോപികയുമായി വഴക്ക് പതിവായിരുന്നു. സംഭവ ദിവസം ഇയാൾ ഗോപികയെ കത്തിയെടുത്ത് കുത്താൻ ഓടിച്ചു.
മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്യാമളയ്ക്ക് കഴുത്തിനും നെഞ്ചത്തും കുത്തേറ്റു. ഗോപികയും മകൾക്കും പരിക്കേൽക്കുകയും ചെയ്തു. ശ്യാമളയെ പോലീസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് നിന്നുതന്നെ പോലീസ് പിടികൂടി.
കേസിൽ ഗോപികയുടെയും മകളുടെയും മൊഴിയാണ് നിർണായകമായത്. ശ്യാമളയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ .ജി.മുണ്ടയ്ക്കൽ ഹാജരായി.