ഇടമുളയ്ക്കൽ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തണമെന്ന്
1561641
Thursday, May 22, 2025 6:27 AM IST
ഇടമുളയ്ക്കൽ: കാലവർഷം ആരംഭിക്കുന്നതിന് മുൻപ് മഴക്കാലപൂർവശുചീകരണ പ്രവർത്തനം പൂർത്തിയാക്കണമെന്നിരിക്കെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ യാതൊരുവിധ പ്രവർത്തനവും നടക്കുന്നില്ല.
പൊതു ഇടങ്ങളിലും, റോഡ് സൈഡുകളിലും വെള്ള കെട്ടും, കാട് മൂടി കിടക്കുന്നതും മൂലം ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും തകൃതിയായി നടക്കുന്നു. തദേശ ഭരണ സ്ഥാപനങ്ങളും ഹെൽത്ത് ഡിപ്പാർട്ട്മെന്റ ും ഭവന സന്ദർശനം നടത്തി ബോധവത്കരണം നടത്തേണ്ടതാണെങ്കിലും ഇടമുളയ്ക്കൽ പഞ്ചായത്തിൽ അതൊന്നും നടക്കുന്നില്ല.
മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ പൊടിച്ചിട്ടും നാടുനീളെ മാലിന്യങ്ങളാണ് ഉള്ളത്. സ്കൂളുകൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ മാലിന്യങ്ങളും മലിന ജലവും കൊണ്ട് മാറാരോഗങ്ങൾ പിടിപ്പെടുമോയെന്ന് രക്ഷിതാക്കാൾ ഭയപ്പെടുകയാണ്.
മഴക്കാലപൂർവ ശുചീകരണവുമായി പ്രത്യേക ഭരണസമിതി മീറ്റിംഗും പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിച്ച് അടിയന്തര ഇടപെടലും നടത്തണമെന്ന് പഞ്ചായത്ത് അംഗം രാജീവ് കോശി ആവശ്യപ്പെട്ടു.