വൈകിയോടുന്ന വഞ്ചിനാട് യാത്രക്കാരെ വലയ്ക്കുന്നു
1561642
Thursday, May 22, 2025 6:27 AM IST
കൊല്ലം: ദക്ഷിണ തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും അവഗണിക്കപ്പെടുന്ന ട്രെയിനായി വഞ്ചിനാട് എക്സ്പ്രസ് മാറി. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ അപൂർവം ദിവസങ്ങളിലൊഴികെ കായംകുളത്ത് കൃത്യസമയത്ത് ഈ ട്രെയിൻ എത്തും.
എന്നാൽ തുടർന്ന് 30 മുതൽ 45 മിനിട്ടു വരെ അവിടെ പിടിച്ചിടുന്നത് യാത്രക്കാർക്ക് ദുരിതം ഉണ്ടാക്കുന്നു. കൊല്ലം എത്തുന്നതിനു മുൻപ് ഏറെ സമയം പല സ്റ്റേഷനുകളിലും പിടിച്ചിട്ട് വൈകിയോട്ടം ഉറപ്പാക്കുകയാണ് വഞ്ചിനാട് എക്സ്പ്രസ്.
തിരികെയുള്ള യാത്രയിൽ, ജനുവരിയിൽ ടൈംടേബിൾ നിലവിൽ വന്ന ശേഷം 10 ദിവസത്തിൽ താഴെ മാത്രമാണ് വഞ്ചിനാട് തിരുവനന്തപുരത്ത് നിന്നും കൃത്യസമയത്ത് (വൈകുന്നേരം 5.45) യാത്ര പുറപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാവിലെ 7.40 ന് കായംകുളം വിട്ട വഞ്ചിനാട് 20 മിനിട്ട് പെരിനാടും പിന്നീട് കൊല്ലം ഔട്ടറിലും പിടിച്ചിട്ട ശേഷം ഒമ്പതോടെയാണ് കൊല്ലത്തെത്തുന്നത്. കായംകുളത്ത് നിന്നും 10 മിനിട്ട് വൈകി യാത്രയാരംഭിച്ച വണ്ടി കൊല്ലത്തെത്തിയപ്പോൾ ഏകദേശം 45 മിനിട്ട് വൈകി. തിരുവനന്തപുരത്തെത്തിയത് ആവട്ടെ 10.30നും.
കൃത്യ സമയത്ത് ഓടി വന്ന ട്രെയിൻ താമസിച്ചു വന്ന ഇന്റർസിറ്റി എക്സ്പ്രസിനു വേണ്ടി പല സ്ഥലത്തും പിടിച്ചിട്ടു വൈകിപ്പിക്കുന്നത് മൂലം സ്ഥിരം യാത്രക്കാരിൽ പലർക്കും സമയത്ത് ഓഫീസിൽ എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.
യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ്.ആദ്യം വരുന്ന ട്രെയിൻ ആദ്യം പോകണം എന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നിലനിൽക്കെ യാത്രക്കാരെ കാത്തി രിപ്പിക്കുന്ന നടപടി ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് യാത്രക്കാരും അവരുടെ വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്.