കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ വിള്ളൽ
1562076
Saturday, May 24, 2025 5:59 AM IST
കൊല്ലം: റെയില്‍വേ സ്റ്റേഷന് സമീപം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ വിള്ളല്‍. ഇന്നലെ രാവിലെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ദേശീയപാതയുടെ സമീപത്തെ റെയില്‍വേയുടെ സ്ഥലത്ത് അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്കിനായി ആഴത്തില്‍ കുഴിയെടുത്തിരുന്നു.
ഇതിനെത്തുടര്‍ന്നാണ് റോഡില്‍ വിള്ളലുണ്ടായതെന്നാണ് നിഗമനം. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷമാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതേസമയം, ദേശീയപാത അഥോറിറ്റിയോ, പിഡബ്യൂഡി ദേശീയപാതാ വിഭാഗത്തിന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് റെയില്‍വേ റോഡിനോട് ചേര്‍ന്ന് ആഴത്തില്‍ കുഴിയെടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്.
വിവരമറിഞ്ഞ് പിഡബ്യൂഡി ദേശീയപാത വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റെയില്‍വേയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്കി. വിള്ളല്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഈസ്റ്റ് പൊലിസ് സ്റ്റേഷന്റെ എതിര്‍വശത്തെ റോഡിലെ വിള്ളലുണ്ടായ ഭാഗം റിബണ്‍കെട്ടി തിരിച്ച് അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്.