‘എംഡിക്ക് സർവീസ് നീട്ടി നൽകുന്നത് മിൽമയിലെ അഴിമതി മൂടി വെയ്ക്കാനെന്ന് ’
1562089
Saturday, May 24, 2025 6:12 AM IST
കൊല്ലം : മിൽമ തിരുവനന്തപുരം മേഖലയെ തകർക്കുവാനും നാശോന്മുഖമാക്കാനും വകുപ്പ് മന്ത്രിയും മിൽമ ഭരണാധികാരികളും ശ്രമിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ.
തൊഴിലാളികളുടെ ഇംഗിതം മാനിക്കാതെ തൊഴിലാളി വിരുദ്ധനായ എംഡി പി. മുരളിക്ക് രണ്ടുവർഷം കൂടി സർവീസ് നീട്ടി നൽകുന്നത് തങ്ങളുടെ അഴിമതി മൂടി വയ്ക്കുവാനും തുടർന്നും അഴിമതി നടത്തുവാൻ വേണ്ടിയാണെന്നും ഗീതാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേഖലാ യൂണിയൻ എംഡി ആയിരുന്ന പി. മുരളി 58 വയസായി സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം പുതിയ ഇന്റർവ്യൂ നടത്തി പുനർനിയമനം നൽകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മേഖല യൂണിയനിലെ ഐഎൻടിയുസി, സിഐടിയു യൂണിയനിൽ പെട്ട ജീവനക്കാർ സംയുക്തമായി നടത്തിയ പണിമുടക്ക് കൊല്ലം ഡയറിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗീതാകൃഷ്ണൻ.
ഐഎൻടിയുസി ജനറൽ സെക്രട്ടറി നീലികുളം രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ സിഐടിയു യൂണിയൻ വൈസ് പ്രസിഡന്റ് എസ്.രാജ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി സൂരജ് രവി സമരവേദിയിൽ തൊഴിലാളികളെ അഭിസംബോധന ചെയ്തു.
സിഐടിയു ജനറൽ സെക്രട്ടറി എ. ആർ. സിനു, വൈ. ജോയ്, ഗോപകുമാർ, പ്രസന്നകുമാർ, വിനയൻ, ജയചന്ദ്രൻ, സുദർശനൻ, സതീശൻ, അനൂപ്, കൃഷ്ണവേണി, ഷീന ഭാസ്കർ, സലീം എന്നിവർ പ്രസംഗിച്ചു.