സിപിഐ അഞ്ചല്‍ മണ്ഡലം സമ്മേളനം നാളെ മുതല്‍
1561862
Friday, May 23, 2025 6:10 AM IST
അഞ്ചല്‍ : സിപിഐ അഞ്ചല്‍ മണ്ഡലം സമ്മേളനം നാളെ മുതല്‍ 26 വരെ നടക്കും. പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനത്തിന് തുടക്കമാകുക. കൊടിമര പതാക ജാഥകള്‍ നാളെ സമ്മേളന വേദിയില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന ശതാബ്ദി പൊതുസമ്മേളനം മുന്‍ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
25 ന് രാവിലെ അല്‍അമാന്‍ ഓഡിറ്റോറിയത്തിലെ കെ.എന്‍ വാസവന് നഗറില്‍ മുതിര്‍ന്ന സിപിഐ പ്രവര്ത്തകന് എന്‍. സതീഷ് പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കും. മന്ത്രി കെ. രാജന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ പി എസ് സുപാല്‍ മന്ത്രി ജെ ചിഞ്ചു റാണി, കെ.ആര് ചന്ദ്രമോഹന്, കെ.രാജു, സാം.കെ.ഡാനിയേല്‍ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 269 പ്രതിനിധികളും 29 മണ്ഡലം കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ 298 പ്രതിനിധികള്‍ പങ്കെടുക്കും.
12 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള 243 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് മണ്ഡലം സമ്മേളനം സംഘടിപ്പിക്കുന്നത്. 3398 മെമ്പര്‍ഷിപ് അംഗങ്ങളാണ് സിപിഐക്ക് അഞ്ചല്‍ മണ്ഡലം കമ്മിറ്റി പരിധിയിലുള്ളത്.