എസ്എൻഡിപി ശാഖയിലെ സംഘർഷം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
1562092
Saturday, May 24, 2025 6:12 AM IST
കൊല്ലം : കരുനാഗപ്പള്ളി ആദിനാട് വടക്ക് 184 നമ്പർ എസ്എൻഡി പി ശാഖയുടെ ഗുരുമന്ദിരത്തിൽ 2022 സെപ്റ്റംബർ 7 ന് പീതവർണകൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷനിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം കമ്മീഷനിലെ അന്വേഷണ വിഭാഗത്തെ എൽപ്പിച്ചത്. കരുനാഗപ്പള്ളി അസി. പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് ഏകപക്ഷീയമാണെന്നും പരാതിക്ക് ആസ്പദമായ സംഗതികളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും പരാതിക്കാർ അറിയിച്ചു.
1998 ൽ എല്ലാ മതവിഭാഗത്തിൽപെട്ടവരും ചേർന്ന് സർവമത സംരക്ഷണ സമിതി എന്ന പേരിലാണ് ഗുരുമന്ദിരം സ്ഥാപിച്ച് ആരാധിച്ച് വരുന്നത്. എന്നാൽ വിദേശത്തായിരുന്ന പ്രദേശവാസി 2016ൽ നാട്ടിലെത്തിയ ശേഷം ഗുരുമന്ദിരത്തി െ ന്റ നടത്തിപ്പ് ഏറ്റെടുത്തു.
എന്നാൽ ശാഖാ സെക്രട്ടറിയും മറ്റ് ചിലരും ചേർന്ന് ഗുരുമന്ദിരത്തിന് പുറത്തും മുറ്റത്തും പീതവർണകൊടി കെട്ടാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. തുടർന്ന് കരുനാഗപ്പള്ളി എസ്എച്ച് ഒ ഇരുകക്ഷികളെയും വിളിച്ചുവരുത്തി തത്സ്ഥിതി തുടരാൻ നിർദ്ദേശിച്ചു.
ഗുരുമന്ദിരത്തിൽ കൊടി കെട്ടിയാൽ ഇരുവിഭാഗം ആളുകൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടായതു കൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി എസ് എൻഡിപി യോഗം സെക്രട്ടറി സോമരാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാര ന്റെ മൊഴിക്ക് പകരം മറ്റ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയെന്നാണ് ആക്ഷേപം.