നെടുമ്പനയിൽ റവന്യൂ ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തി
1562074
Saturday, May 24, 2025 5:59 AM IST
ചാത്തന്നൂർ: നെടുമ്പന പഞ്ചായത്തിൽ റവന്യൂ ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി.11 മരങ്ങളാണ് നിയമങ്ങൾ ലംഘിച്ച് അനധികൃതമായി മുറിച്ചു കടത്തിയത്. സംഭവം വില്ലേജ് ഓഫീസർ പോലും അറിഞ്ഞില്ല.
ഗ്രാമ പഞ്ചായത്ത് അധികൃതർ അടയാളപ്പെടുത്തി കൊടുത്ത പ്രകാരമാണ് മരങ്ങൾ മുറിച്ച് നീക്കിയത് എന്ന് മരം മുറിച്ച കരാറുകാർ പറഞ്ഞു. തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നാണ് ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർ പറയുന്നത്.
മരം മുറിച്ചത് സംബന്ധിച്ച് മോഷണ കുറ്റം ചുമത്തി പഞ്ചായത്ത് പ്രസിഡന്റിനെതിരേയും, ഒന്നാം വാർഡ് മെമ്പർക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കണ്ണനല്ലൂർപോലിസിന് പരാതി നൽകി.
മുറിച്ച മരങ്ങൾ മിനി ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മുമ്പ് 27 മരങ്ങൾ അനുവാദമില്ലാതെ മുറിച്ചു കടത്തിയതിന് തൊട്ടടുത്താണ് ഇപ്പോൾ മരം മുറി നടന്നിരിക്കുന്നത്. പ്ലാവ് ഉൾപ്പെടെയുള്ള11 മരങ്ങൾ ആണ് ഇപ്പോൾ മുറിച്ച് കടത്തിയിരിക്കുന്നത്.
അന്ന് മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കണ്ണനല്ലൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും, പ്രതികളുടെ ജാമ്യം നിഷേധിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്തുന്ന ത ിനായി ഇടപെടലുകൾ ഉണ്ടായി.
നെടുമ്പന വില്ലേജ് ഓഫീസിനോട് ചേർന്ന ബ്ലോക്ക് 20ലെ 186/9 ൽ പെട്ട റവന്യൂ ഭൂമിയിൽ നിന്നുമാണ് പ്ലാവ് ഉൾപ്പെടെയുള്ള 11 മരങ്ങൾ മുറിച്ച് മാറ്റിയത്. വില്ലേജിലെ ഉദ്യോഗസ്ഥർ മുറിച്ചിട്ട മരങ്ങൾ അളന്ന് തിട്ടപ്പെടുത്തി നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടുണ്ട്.
അബദ്ധം പറ്റി മരം മുറിച്ചു എന്നാണ് ഇതേപ്പറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചത്. പക്ഷേ പഞ്ചായത്ത് സ്ഥലത്ത് നിന്നും മരം മുറിക്കാനാണ് കരാർ നൽകിയതെന്നും സെക്രട്ടറി പറയുന്നു. മുമ്പ് 27 മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മെമ്പർമാരെ ഉൾപ്പെടെ പ്രതിയാക്കി കേസ് എടുത്തിരുന്നു.