ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍
1561628
Thursday, May 22, 2025 6:14 AM IST
പാറശാല: ധനുവച്ചപുരം സ്വദേശിയെ കുത്തികൊലപ്പെടുത്തിയശേഷം 30 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍. കേസിലെ അഞ്ചാം പ്രതി കന്യാകുമാരി വേല്‍കിളമ്പി മാവട്ടം ചാണിവിള വീട്ടില്‍ ദാസപ്പന് എന്നു വിളിക്കുന്ന രാജപ്പന് (50) ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. 30 വര്‍ഷത്തിനുശേഷമാണ് ഇയാളെ പാറശാല പോലീസ് അറസ്റ്റ് ചെയ്തത്.
1996-ല്‍ ധനുവച്ചപുരം സ്വദേശിയായ പ്രസാദ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദാസപ്പന്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മൂവാറ്റുപ്പുഴയ്ക്ക് സമീപം മറ്റൊരു പേരില്‍ 15 വര്‍ഷത്തോളം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി കഴിയുകയും പോലീസിന്റെ അന്വേഷണം എത്താന്‍ സാധ്യതയുള്ളതിനാല്‍ വാടക വീടുകള്‍ മാറി മാറി താമസിച്ചുവരികയായിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഒരു മാസത്തോളം പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു.
പാറശാല എസ്എച്ച്ഒ എസ്.എസ്. സജി, എസ്ഐ എസ്.എസ്. ദിപു, സിപിഒ ഷാജന്, സിപിഒ സാജന്, സിപി ഒ അഭിലാഷ് എന്നിവരടങ്ങിയ സ്പെഷല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.