കനത്ത മഴ; കുളത്തൂപ്പുഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു
1561637
Thursday, May 22, 2025 6:27 AM IST
കുളത്തൂപ്പുഴ: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. വീട് തകര്‍ച്ചാ ഭീഷണിയിലാണ്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കുന്നും പുറത്ത് അപർണാ ഭവനില്‍ ബീനയുടെ വീടിന്റെ സംരക്ഷ ഭിത്തിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നിലംപൊത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി പഞ്ചായത്ത് കുന്നിടിച്ച് നിരത്തിയപ്പോള്‍ പാതയോരത്തുണ്ടായിരുന്ന വീട് കുന്നിന് മുകളിലാവുകയായിരുന്നു.
പാതയോരം ഭിത്തി കെട്ടി വീടിനു സംരക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികൃതരെ കണ്ടു പരാതിപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
വീട് ഏതു സമയവും ഇടിഞ്ഞ് വീഴാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
വീട്ടിലേക്ക് കയറിയിരുന്ന കല്‍പ്പടവും തകര്‍ന്നതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ വീട്ടുകാർക്ക് കഴിയുന്നില്ല.
ബീനയുടെ വൃദ്ധമാതാവ് മാത്രമാണ് വീട്ടിലുളളത്. പാതയിലേക്ക് പതിച്ച കല്ലുകളും മണ്ണും പൂർണമായി നീക്കാനാകാത്തതിനാല് അത് വഴിയുള്ള ഗതാഗതം ഭാഗികമായി മുടങ്ങിയതായും നാട്ടുകാര്‍ പറഞ്ഞു.