ചാത്തന്നൂരിൽ ബസ് മണ്ണില്‍ പുതഞ്ഞു; ഗതാഗതം മുടങ്ങി
1561309
Wednesday, May 21, 2025 6:11 AM IST
ചാത്തന്നൂർ: നിർമാണം നടക്കുന്ന ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിന് സമീപം കെഎസ്ആർടിസി ബസ് മണ്ണിൽ പുതഞ്ഞു.
ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസി െ ന്റ പിൻ വശത്തെ വീലുകളാണ് മണ്ണിൽ താഴ്ന്നു പോയത്.
യാത്രക്കാരെ ഉടൻ തന്നെ ബസിൽ നിന്നിറക്കി.റോഡ് നിർമാണത്തിനായി നിരത്തിയ മണ്ണ് ഉറപ്പിക്കാത്തതും രാത്രിമുഴുവൻ പെയ്ത മഴയുമാണ് മണ്ണ് ചെളിയായി അപകടത്തിന് കാരണമായത്. ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഈ ഭാഗത്ത് വാഹനങ്ങൾ മണ്ണിൽ പുതയുന്നത് പതിവായിരിക്കുകയാണ്.
ബസ് മണ്ണിൽ പുതഞ്ഞതിനാൽ രാവിലെ എട്ടര മുതൽ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് മണ്ണിൽ പുതഞ്ഞ ബസ് മാറ്റി ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.