‘കതിർമണി’ മറ്റ് ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃക: മന്ത്രി പി. പ്രസാദ്
1561629
Thursday, May 22, 2025 6:14 AM IST
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തി െ ന്റ കതിർമണി മറ്റു ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃകയാണെന്ന് മന്ത്രി പി. പ്രസാദ്.
ജില്ലാ പഞ്ചായത്ത് കൃഷി ചെയ്ത് വിപണിയിലെത്തിച്ച നാടൻ മട്ടയരി കതിർമണിയുടെ വിപണനോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ തരിശു ഏലകളിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് കൃഷി ചെയ്യിച്ച് വിപണിയിലേക്ക് എത്തിക്കുന്ന നാടൻ മട്ട അരിയാണ് കതിർമണി. 350 രൂപയാണ് അഞ്ച് കിലോ പായ്ക്കറ്റിന് വില.
ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലൂടെയും ജില്ലയിലെ കൃഷിഭവനുകൾ, ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രങ്ങൾ എന്നിവ മുഖേനയും 325 രൂപ നിരക്കിൽ കതിർ മണി അരി ലഭ്യമാകും.
കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും കേരള അഗ്രോ ഔട്ട്ലെറ്റുകൾ ആരംഭിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി .കെ.ഗോപൻ അധ്യക്ഷത വഹിച്ചു.
കർഷകർക്ക് യഥാസമയം താങ്ങുവില ഉറപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തനത് ഫണ്ടാണ് കതിർമണി പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളതെന്നും 2025-26 ൽ 500 ഹെക്ടറിലേക്ക് കതിർമണി നെൽകൃഷി വ്യാപിപ്പിക്കുമെന്നും പി .കെ.ഗോപൻ പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത് പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ.എസ്. കല്ലേലിഭാഗം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി.സുധീഷ് കുമാർ, ആർ. രശ്മി, ശ്യാമളയമ്മ, ഷൈൻ കുമാർ, അനന്തു പിള്ള, എസ്. സോമൻ,
സുനിതാ രാജേഷ്, ഗേളി ഷണ്മുഖൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സയൂജ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജേഷ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ആശാ ശങ്കർ, ബീന, അനീസ തുടങ്ങിയവർ പങ്കെടുത്തു.