പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 142 വർഷം കഠിനതടവും അഞ്ചുലക്ഷം പിഴയും
1226308
Friday, September 30, 2022 10:46 PM IST
142 വർഷത്തെ ശിക്ഷയാണെങ്കിലും
ഒന്നിച്ചനുഭവിക്കുന്നതിനാൽ 60 വർഷമാകും
പത്തനംതിട്ട: പത്തുവയസുകാരി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 142 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും.
കവിയൂർ ഇഞ്ചത്തടി പുലിയളയിൽ ബാബു (ആനന്ദൻ, 41)വിനെയാണ് പത്തനംതിട്ട പോക്സോ പ്രിൻ സിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം അധിക തടവിനും ശിക്ഷിച്ചു.
2020 മുതലുള്ള ഒരു കാലയളവിൽ വിവിധ ദിവസങ്ങളിലായി കുട്ടിയെ ഇയാൾ അതിക്രമത്തിനു വിധേയമാക്കിയതാണ് കേസ്. വിവിധ വകുപ്പുകളിലായി 142 വർഷത്തെ തടവ് കോടതി വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിക്കുന്നതിനാൽ 60 വർഷം ജയിലിൽ കിടന്നാൽ മതിയാകും. ജില്ലയിൽ ഏറ്റവും കൂടിയ കാലയളവിലെ ശിക്ഷാവിധിയാണിത്.
കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധയിൽ പെട്ട മാതാവ് ഭർത്താവിനോട് ഈ വിവരം പറയുകയും തുടർന്നു കുട്ടിയോടു വിവരങ്ങൾ ആവർത്തിച്ചു ചോദിക്കുകയും ചെയ്തതിൽ വച്ചാണ് അതിക്രൂരമായ പീഡന വിവരങ്ങൾ വെളിവാക്കുന്നതിനിടയായത്.
പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷിമൊഴികളും മെഡിക്കൽ രേഖകൾ ഉൾപെടെയുള്ള മറ്റു തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചതു പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.ഹരിലാലാണ്.