നായ പിടിത്തത്തിന് 50 അംഗസംഘം റെഡി
1226312
Friday, September 30, 2022 10:49 PM IST
പത്തനംതിട്ട: തെരുവുനായ്ക്കളെ പിടികൂടാനായി 50 അംഗ സംഘം തയാർ. 30 പുരുഷൻമാരും 20 സ്ത്രീകളുമടങ്ങുന്ന സംഘത്തിന്റെ പരിശീലനം തിരുവല്ല നിരണത്തു പൂർത്തിയായി. തദ്ദേശസ്ഥാപനങ്ങളാണ് ഇനി ഇവരെ ഏറ്റെടുത്തു നിയോഗിക്കേണ്ടത്.
തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ വാക്സിനേഷൻ, വന്ധ്യംകരണം പദ്ധതികളാണ് തയാറാകുന്നത്. പക്ഷേ, ഇവ നടപ്പാക്കേണ്ടതു തദ്ദേശസ്ഥാപനങ്ങളാണ്. ഫണ്ടിന്റെ ലഭ്യതക്കുറവിൽ തദ്ദേശസ്ഥാപനങ്ങൾ ഇനിയും നടപടികളുമായി മുന്നോട്ടു പോയിട്ടില്ല.
ജില്ലാ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള നിരണത്തെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവർക്കു പരിശീലനം നൽകിയത്. ഈ രംഗത്തെ വിദഗ്ധരായ ഡോ. ദീപു ഫിലിപ്പ് മാത്യു, വെറ്ററിനറി സർജൻ ഡോ. ആർ. ചിത്ര, ദിലീപ് കുമാർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുരേഷ് കുമാർപിള്ള ഉദ്ഘാടനം ചെയ്തു.
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി. രാജു അധ്യക്ഷത വഹിച്ചു.
വാക്സിനേഷൻ കൂട്ടും
നായ്ക്കളിൽ പേവിഷബാധ ഏറിവരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കൂട്ടാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ജില്ലയിൽ വ്യാഴാഴ്ച വരെ 36,753 വളർത്തു മൃഗങ്ങളിലാണ് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകിയത്. 112 തെരുവുനായ്ക്കൾക്കും കുത്തിവയ്പ് നൽകി. തെരുവുനായ്ക്കളിൽ കുത്തിവയ്പ് വ്യാപകമായി ആരംഭിച്ചിട്ടില്ല. ആരുടെയെങ്കിലുമൊക്കെ പരിചരണത്തിലുള്ളതും എന്നാൽ, വീടുകളിൽ വളർത്താത്തതുമായ നായ്ക്കളെയാണ് നിലവിൽ തെരുവുനായ്ക്കളുടെ ഗണത്തിൽപെടുത്തി കുത്തിവയ്പ് നൽകിയിരിക്കുന്നത്.
വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള വാക്സിനേഷൻ നല്ലനിലയിൽ പുരോഗമിക്കുന്നുണ്ട്.