ലഹരിക്കെതിരേ യുവാക്കൾ ആന്റി നാര്‍ക്കോട്ടിക് സെല്ലുകള്‍ രൂപീകരിക്കണം: മാര്‍ തോമസ് തറയിൽ
1227868
Thursday, October 6, 2022 10:58 PM IST
മല്ലപ്പള്ളി: ലഹരിക്കെതിരേ ആന്റി നാര്‍ക്കോട്ടിക് സെല്ലുകള്‍ രൂപീകരിച്ച് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസില്‍ സിഎസ്ഐ മധ്യകേരള മഹായിടവക യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ സൈബര്‍ യുഗത്തിന്റെ അടിമകളായി മാറിയെന്നും നാം നമ്മെത്തന്നെ ശൂന്യവത്കരിക്കുന്ന ഈ മായാവലയില്നിന്നും മോചനം നേടുകയാണ് വേണ്ടതെന്നും ബിഷപ് അഭിപ്രായപ്പെട്ടു. മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു.
മഹാഇടവക ട്രഷറര്‍ റവ. ഡോ. ഷാജന് എ. ഇടിക്കുള, വൈദിക സെക്രട്ടറി റവ. നെല്‍സണ്‍ ചാക്കോ, അല്മായ സെക്രട്ടറി ജേക്കബ് ഫിലിപ്പ് കല്ലുമല, രജിസ്ട്രാര്‍ ഫിലിപ്പ് എം. വര്‍ഗീസ്, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റവ. സിബി മാത്യു, റവ. ഷാജി എം. ജോണ്സണ്, റവ. സി.വൈ. തോമസ്, യുവജന പ്രസ്ഥാനം വര്‍ക്കിംഗ് പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളില്‍, റേ മാത്യു വര്‍ഗീസ്, സി. ജോണ്‍ മാത്യു, ഷെറിന് ആന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാമായി വിവിധ ക്ലാസുകളും മിഷനറി സമ്മേളനവും ടാലന്റ് നൈറ്റും റാലിയും നടത്തി.