കൃഷിയിടങ്ങൾ കൈയടക്കി കാട്ടുപന്നികൾ മേയുന്നു
1282152
Wednesday, March 29, 2023 10:39 PM IST
ചുങ്കപ്പാറ: കൃഷിയിടങ്ങൾ കൈയടക്കി കാട്ടുപന്നികൾ മേയാൻ തുടങ്ങിയതോടെ കർഷകർക്കു ബാക്കിയായി ഒന്നുമില്ല. കിഴങ്ങുവർഗ കൃഷിയെ ആശ്രയിക്കുന്ന പല മേഖലകളിലും കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. കർഷകർ ഇക്കൊല്ലം കൃഷി തുടങ്ങിയിട്ടില്ല. പെരുന്പെട്ടി ചെട്ടിയാരുകവല തുണ്ടതിൽ സുകുമാരൻ നായരുടെ ഒരേക്കർ തൊടിയിലെ വാഴക്കൃഷി കഴിഞ്ഞ ദിവസം പന്നിക്കൂട്ടം പൂർണമായി നശിപ്പിച്ചു.
സമീപത്തെ ഇടവിളക്കൃഷിയിലും നാശം വിതച്ചിട്ടുണ്ട്. ടിൻഷീറ്റുപയോഗിച്ചു കൃഷിയിടത്തിനു ചുറ്റം വേലി തീർത്തിരുന്നു. ഇതു തകർത്താണ് പന്നിക്കൂട്ടം അകത്തു കയറിയത്. കൊറ്റനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. പകൽപോലും ആളുകൾക്കു കൃഷിയിടങ്ങളിൽ കയറാൻ ഭയമാണ്.
പ്രധാന റോഡുകളിലടക്കം ഇരുട്ടുവീണാൽ കാട്ടുപന്നികളുടെ കടന്നുകയറ്റമാണ്. ഇരുചക്രവാഹനാത്രക്കാരാണ് ഇതു മൂലം ഏറെ ഭീഷണിയിലാകുന്നത്. ഇക്കൊല്ലം ഇതേവരെ പഞ്ചായത്ത് പ്രദേശത്തു മൂന്ന് ഇരുചക്രവാഹന യാത്രക്കാർക്കു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. 182 ഏക്കറിലധികം സ്ഥലത്തു കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.