ഉദ്ഘാടനത്തിനു ജനപങ്കാളിത്തമില്ല; എംഎൽഎയ്ക്ക് അമർഷം
1282185
Wednesday, March 29, 2023 10:48 PM IST
നെടുങ്കണ്ടം: പൊതുജന പങ്കാളിത്തമില്ലാതെ നടന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വിപണന സംസ്കരണ യുണിറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ അമർഷം പ്രകടിപ്പിച്ച് എം.എം. മണി എംഎൽഎ. എൽഡിഎഫ് ഭരിക്കുന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു നേരെയും ഉദ്യോഗസ്ഥർക്കെതിരെയും എം.എം. മണി രൂക്ഷവിമർശനമാണ് നടത്തിയത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കുന്നത് നല്ലതാണെന്നും എം.എം. മണി മുന്നറിയിപ്പു നൽകി. മര്യാദയില്ലാത്ത രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്തിനു നേരെയുള്ള വിമർശനം.
ജില്ലാ പഞ്ചായത്തും നെടുങ്കണ്ടം ബ്ലോക്കും സംയുക്തമായി കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനും വിഷരഹിത ഉത്പന്നം വിപണിയിൽ എത്തിക്കുന്നതിനുമാണ് നെടുങ്കണ്ടത്ത് കരുതൽ കാർഷിക വിപണന സംസ്കരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.