പ്ലസ് വണ്‍ പ്രവേശനം: ജില്ലയില്‍ 13,850 അപേക്ഷകള്‍
1425536
Tuesday, May 28, 2024 6:48 AM IST
പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനായി പത്തനംതിട്ടയില്‍ ലഭിച്ചിരിക്കുന്നത് 13,850 അപേക്ഷകള്‍. ഇതില്‍ 12,677 അപേക്ഷകളും എസ്എസ്എല്സിക്കാരുടേതാണ്. സിബിഎസ്ഇ പത്താംക്ലാസുകാരുടേതായി 948 അപേക്ഷകളും ഐസിഎസ്ഇയില്‍നിന്ന് 136 അപേക്ഷകളും എത്തിയിട്ടുണ്ട്. ഇതര സംസ്ഥാന ബോര്‍ഡുകളില്‍ പഠിച്ച 89 കുട്ടികളുടെ അപേക്ഷയും പ്ലസ് വണ്‍ പ്രവേശനത്തിനായി ലഭിച്ചു. പത്തനംതിട്ട ജില്ലയ്ക്കു പുറത്തുനിന്ന് 3,361 അപേക്ഷകളും എത്തിയിട്ടുണ്ട്.
ഒന്നില്‍ക്കൂടുതല്‍ ജില്ലയില്‍ അപേക്ഷിച്ചവര്‍ക്ക് എല്ലാ ജില്ലകളിലും ഒരേസമയം അലോട്ട്മെന്റ് ലഭിച്ചാല്‍ ഇഷ്ടമുള്ള ജില്ലയില്‍ പ്രവേശനം നേടാം. അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകും. പ്രവേശനം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താത്കാലിക പ്രവേശനം നേടിയശേഷം തുടര്‍ന്ന് അതേ ജില്ലയില്‍ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കായും കാത്തിരിക്കാം.
ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്മെന്റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടുകയും ചെയ്തവര്‍ക്ക് പിന്നീട് മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്മെന്റ് ലഭിച്ചാല്‍ അതു സ്വീകരിക്കാനാകും. ഇതോടെ ആദ്യജില്ലയിലെ ഓപ്ഷന് റദ്ദാകും.
14,702 സീറ്റുകള്‍
81 സ്കൂളുകളിലാണ് 14,702 സീറ്റുകളാണ് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ളത്. ഇതില്‍ 9,736 സീറ്റുകളില്‍ ഏകജാലക പ്രവേശനമാണ്. പിന്നീടുള്ളത് മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് സീറ്റുകളാണ്. സ്പോര്‍ട്സ് ക്വാട്ടായില്‍ 291 സീറ്റുകളുണ്ട്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 96, എയ്ഡഡ് മേഖലയില്‍ 193 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. സ്പോര്‍ട്സ് ക്വാട്ടായില്‍ 124 അപേക്ഷകളാണ് എത്തിയിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ 3,200 ലധികം മെറിറ്റ് സീറ്റുകളില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇക്കുറിയും അപേക്ഷകരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. കുട്ടികളുടെ കുറവുകാരണം പലയിടത്തും ബാച്ചുകള്‍ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇക്കാരണത്താല്‍ പരമാവധി കുട്ടികളെ തങ്ങളുടെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം അധ്യാപകരും നടത്തുന്നുണ്ട്.
ഇഷ്ടവിദ്യാലയത്തില്‍ ഇഷ്ടവിഷയം
ഇഷ്ട വിദ്യാലയത്തില്‍ ഇഷ്ടവിഷയത്തിനു പ്രവേശനം തേടിയാണ് അപേക്ഷകളേറെയും. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും വെയ്റ്റേജ് അടിസ്ഥാനമാക്കി മാത്രമേ ഇഷ്ടവിദ്യാലയത്തില പ്രവേശനം ഉറപ്പിക്കാനാകൂ. ഗ്രേഡിനൊപ്പം മാതൃവിദ്യാലയം, പഞ്ചായത്ത്, താലൂക്ക്, ഗ്രേസ് മാര്‍ക്കുകള്‍ ഇവയെ അടിസ്ഥാനമാക്കി പോയിന്റുകള്‍ നിശ്ചയിക്കും. ഇതു കണക്കാക്കുമ്പോള്‍ പലരും പിന്തള്ളപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആദ്യ അലോട്ട്മെന്റില്‍ തന്നെ ഇഷ്ടവിദ്യാലയവും ഇഷ്ടവിഷയവുമൊക്കെ ഉറപ്പിക്കാനായില്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ ഇതു സാധ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.
അപേക്ഷകളേറെയും സയന്‍സിന്
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ 147 ബാച്ചുകളിലായി സയന്‍സിന് ജില്ലയില്‍ 7,350 സീറ്റുകളാണുള്ളത്. 32 സര്‍ക്കാര്‍ സ്കൂളുകളിലായി 42 സയന്‍സ് ബാച്ചുകളുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ 99, അണ്‍എയ്ഡഡ് സ്കൂളുകളില്‍ ആറ് എന്നിങ്ങനെയാണ് സയന്‍സ് ബാച്ചുകള്‍.
ഗവണ്മെന്റ് സ്കൂളുകളില്‍ 2,100 സീറ്റുകളാണ് സയന്‍സ് ബാച്ചുകളിലുള്ളത്. 4,950 സീറ്റുകള്‍ എയ്ഡഡ് മേഖലയിലും 300 സീറ്റുകള്‍ അണ്‍എയ്ഡഡ് മേഖലയിലുമാണ്. അപേക്ഷകളില്‍ ഏറെയും സയന്‍സ് ബാച്ചിനുള്ളതാണ്.
കൊമേഴ്സിന് 3,550 സീറ്റുകളാണുള്ളത്. 27 ബാച്ചുകളിലായി 1,350 സീറ്റുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും 44 ബാച്ചുകളിലായി 2,200 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കൊമേഴ്സ് ഗ്രൂപ്പിലും വ്യത്യസ്ത കോന്പിനേഷനുകളാണ് നിലവിലുള്ളത്.
ഹ്യുമാനിറ്റീസിന് 46 ബാച്ചുകളാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 14, എയ്ഡഡ് സ്കൂളുകളില്‍ 32 ബാച്ചുകള്‍ ഹ്യുമാനിറ്റീസിനുണ്ട്. 2,300 സീറ്റുകള്‍ ആകെയുള്ളതില്‍ 700 എണ്ണം സര്‍ക്കാര്‍ മേഖലയിലും 1,600 സീറ്റുകള്‍ എയ്ഡഡിലുമാണ്.