പത്തനംതിട്ട: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഇന്ന് ഉദ്ഘാടനം ചെയ്യും.
രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജന് മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പത്തനംതിട്ട നഗരത്തിലെ 13-ാം വാര്‍ഡായ കുലശേഖരപതിയിലാണ് കളക്ടറുടെ ഔദ്യോഗിക വസതി തുറക്കുന്നത്. പത്തനംതിട്ട-കുമ്പഴ റോഡില്‍നിന്ന് മൈലപ്ര റോഡില്‍ ശബരിമല ഇടത്താവളത്തിനു സമീപത്തേക്ക് വന്നിറങ്ങുന്ന റോഡരികിലാണ് കെട്ടിടം. നിലവില്‍ വീതി നന്നേ കുറഞ്ഞ റോഡാണിത്. എന്നാല്‍ ഈ റോഡ് വീതി കൂട്ടി വികസിപ്പിക്കാനായാല്‍ പത്തനംതിട്ട നഗരത്തിലെത്താതെ ശബരിമല തീര്‍ഥാടകര്‍ക്ക് അടക്കം ഇടത്താവളം ഭാഗത്തേക്ക് യാത്ര ചെയ്യാനാകും. നഗരത്തിന്റെ ഒരു ബൈപാസായി വികസിപ്പിക്കാനാകുന്ന റോഡാണിത്. ഇതു സംബന്ധിച്ച് 13-ാം വാര്‍ഡ് റെസിഡന്റ്സ് അസോസിയേഷന് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്കി.