യുവാവ് അറസ്റ്റിൽ
1452388
Wednesday, September 11, 2024 3:08 AM IST
റാന്നി: സ്കൂൾവിട്ടു വീട്ടിലേക്കു പോയ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ റാന്നി പോലീസ് പിടികൂടി. റാന്നി പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി. എ. മനോജാണ് (39) അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് വേങ്ങത്തടത്തുവച്ചാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോയ കുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭയന്ന കുട്ടി വേഗം നടന്നപ്പോൾ വീണ്ടും വിളിക്കുകയും, അശ്ലീലം കലർന്ന വാക്പ്രയോഗം നടത്തുകയായിരുന്നു.
ഏതാണ്ട് 300 മീറ്ററോളം കുട്ടിയെ പിന്തുടർന്ന് ഇയാൾ മോശമായ അശ്ലീലവാക്കുകൾ ആവർത്തിച്ചു. മാനസിക സമ്മർദത്തിലായ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനേതുടർന്ന്, അമ്മ കുട്ടിയേയും കൂട്ടി രാത്രി 11ന് റാന്നി പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
തുടർന്ന് ശിശു സൗഹൃദ ഇടത്തിൽവച്ച് കുട്ടിയുടെ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി, കേസെടുക്കുകയായിരുന്നു. കുട്ടിക്കു കൗൺസലിംഗ് ലഭ്യമാക്കുന്നതിനു റാന്നി പോലീസ് ശിശു ക്ഷേമസമിതിക്കു റിപ്പോർട്ട് നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.