വരുമാനത്തിൽ ഇടിവ് : റേഷൻ കടകൾ നഷ്ടമെന്ന് വ്യാപാരികൾ
1454565
Friday, September 20, 2024 3:08 AM IST
പത്തനംതിട്ട: ഓണം കഴിഞ്ഞതോടെ റേഷൻകടകളും തളരുന്നു. ദീർഘകാലമായി റേഷൻ വിതരണ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമില്ലാതെ തുടരുന്നതിനിടെ പുതിയ ബാധ്യതകളും വ്യാപാരികൾക്കുമേൽ അടിക്കടി വന്നു ചേരുകയാണ്.
കടവാടകയും ഭീമമായ വൈദ്യുതി ചാർജും ജീവനക്കാരനു ശമ്പളവും കൊടുത്തു കഴിഞ്ഞാൽ റേഷൻ കട ഉടമകൾക്ക് സർക്കാരിൽനിന്ന് ലഭിക്കുന്ന കമ്മീഷൻ തികയാതെ വരികയാണ്. ഈ മേഖലയിൽ പിടിച്ചുനിൽക്കാനാവാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് ലൈസൻസികൾ.
നിരവധിയാളുകൾ റേഷൻ കട ലൈസൻസ് പുതുക്കാതെ വ്യാപാരം ഉപേക്ഷിച്ചുപോയി. തലമുറകൾ കൈമാറിയാണ് പലരും റേഷൻ കടകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ, പുതുതലമുറയ്ക്ക് റേഷൻ കടകളോടു താത്പര്യമില്ല. നിലവിലുള്ള ലൈസൻസികൾ പിൻമാറുന്നതോടെ കടകളും വേണ്ടെന്നുവയ്ക്കുമെന്ന സ്ഥിതിയാണ്. റേഷൻ കട ജീവനക്കാർക്ക് സർക്കാർ പ്രതിമാസ ശന്പളം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനോടും അനുകൂലമായ സമാപനം സ്വീകരിച്ചിട്ടില്ല.
വ്യക്തിഗത കടം ഏറി
ബാധ്യതകൾ ഏറിയതോടെ റേഷൻ കടകൾ നിർത്തിയവരുണ്ട്. ഒന്നര ലക്ഷം രൂപയുടെ കടത്തിലെത്തിയതോടെ മൈലപ്രയിലെ ഒരു കടയുടമ ലൈസൻസ് പുതുക്കിയില്ല. വിൽക്കുന്ന സാധനങ്ങൾക്ക് കമ്മീഷനാണ് റേഷൻ വ്യാപാരികളുടെ വരുമാനം. ഇതു കൃത്യമായി നൽകാൻ വകുപ്പ് തയാറാകുന്നില്ല. ഓണത്തോടനുബന്ധിച്ച സാധനങ്ങൾ നൽകിയതിന്റെ കമ്മീഷൻ കഴിഞ്ഞദിവസമാണ് അനുവദിച്ചത്.
കമ്മീഷന്റെ പേരിൽ വ്യാപാരികൾ പ്രക്ഷോഭം വരെ നടത്തേണ്ടിവന്നു. ഇതിനു മുന്പുള്ള ഉത്സവകാലത്തിന്റെയും കോവിഡിന്റെയുമൊക്കെ റേഷൻ കമ്മീഷൻ ലഭ്യമാകാനുണ്ട്. കടകളിലെത്തിക്കുന്ന സാധനങ്ങൾ അർഹരായവരുടെ കൈകളിൽ കൃത്യസമയത്ത് എത്തിച്ചതിനുശേഷം തങ്ങളുടെ പണത്തിനുവേണ്ടി കാത്തിരിപ്പ് തുടരുകയാണ് വ്യപാരികൾ.
അടുത്ത സ്റ്റോക്കെടുക്കുന്നതിനു മുന്പായി പണം ലഭ്യമാക്കുന്ന രീതിയായിരുന്നു മുന്പുണ്ടായിരുന്നത്. ഓണം ബോണസും ഇത്തവണ നൽകിയില്ല. നേരത്തെ 1000 രൂപ അനുവദിച്ചിരുന്നു,
കമ്മീഷൻ ഏക വരുമാനമാർഗം
വിൽക്കുന്ന സാധനങ്ങൾക്ക് അതാതു മാസം കമ്മീഷൻ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ജൂലൈ മാസത്തെ കമ്മീഷൻ സെപ്റ്റംബർ ആദ്യമാണ് ലഭിച്ചത്. 45 ക്വിന്റൽ വില്പന നടത്തിയാൽ 18,500 രൂപയാണ് കമ്മീഷൻ ലഭിക്കുന്നത്. ഇത്രയും അളവിൽ വിൽപന നടത്തുന്ന റേഷൻ കടകൾ കുറവാണ്.
864 റേഷൻ കടകളാണ് ജില്ലയിലുള്ളത്. ഇതിൽ 56 എണ്ണം ലൈസൻസ പുതുക്കിയിട്ടില്ല. കാർഡുടമകൾക്ക് ഏതു കടയിൽനിന്നും സാധനങ്ങൾ വാങ്ങാമെന്നതുകൊണ്ട് ഒരു കടയിൽ വിൽക്കുന്ന സാധനങ്ങൾക്കുള്ള കമ്മീഷന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇതോടെ റേഷൻ വ്യാപാരികൾക്ക് നിശ്ചിത തുക മാസവരുമാനം എന്നത് ഇല്ലാതാകും.
സ്വന്തം കെട്ടിടമുള്ള റേഷൻ കട ഉടമകൾക്ക് മാത്രമേ കമ്മീഷൻകൊണ്ടു പ്രയോജനമുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. മറ്റുള്ളവർക്കു മാസവാടക, കറന്റ് ചാർജ്, കൂലി ഇനത്തിൽ ഒരു മാസം പതിനായിരം രൂപയെങ്കിലും ശരാശരി ചെലവാകും. കുറഞ്ഞ തുക കമ്മീഷൻ വരുമാനമായി ലഭിക്കുന്ന കട ഉടമകൾക്ക് ഇതു നഷ്ടമുണ്ടാക്കും.