ജില്ലാ ജൂണിയര്‍ അത്ലറ്റിക് മീറ്റിന് കൊടുമണ്‍ സ്റ്റേഡിയത്തില്‍ തുടക്കമായി
1459394
Monday, October 7, 2024 3:24 AM IST
പത്തനംതിട്ട: ജില്ലാ ജൂണിയര്‍ അത്ലറ്റിക് മീറ്റ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 14, 18, 19, 20 വയസിനു താഴെയുള്ളവരുടെ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമുണ്ടാകും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും സ്പോര്‍ട്സ് ക്ലബുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണ ബേസിക് അക്കാദമി പത്തനംതിട്ടയായിരുന്നു ക്ലബ് വിഭാഗത്തില്‍ ജേതാക്കള്‍. സ്കൂള്‍ വിഭാഗത്തില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസും ചാമ്പ്യന്മാരായി. സ്കൂള്‍ കായികമേളകള്ക്കൊപ്പമാണ് ജൂണിയര്‍ അത്ലറ്റിക് മീറ്റിനും വേദി ഒരുങ്ങുന്നത്. ഉപജില്ലകളില്‍ കായികമേളകള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കെ. മോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം ജോസഫ്, മാത്യു ടി. ജോര്‍ജ്, ജോര്‍ജ് ബിനു രാജ് എന്നിവര്‍ പ്രസംഗിച്ചു. അത്ലറ്റിക് മീറ്റ് ഇന്നു സമാപിക്കും.