ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: എംപി
1459897
Wednesday, October 9, 2024 6:29 AM IST
ചിറ്റാർ: കാട്ടാന ഭീതിയിൽ കഴിയുന്ന ചിറ്റാർ 86 ഡെൽറ്റപ്പടി ഭാഗത്തെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി. ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാന ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷി നശിപ്പിക്കുന്ന കാട്ടാന ജനവാസ മേഖലകളിലേക്കും പൊതുനിരത്തിലേക്കും ഇറങ്ങിയത് ഭീതി വർധിപ്പിക്കുന്നു. സീതത്തോട് - ചിറ്റാർ പ്രധാന പാതയിലെ ആനകളുടെ സാന്നിധ്യം വാഹനഗതാഗതത്തെ പ്പോലും ബാധിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യത്തിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് എംപി ചൂണ്ടിക്കാട്ടി.
സ്കൂൾ വാഹനങ്ങളടക്കം സഞ്ചരിക്കുന്ന പാതയാണിത്. പ്രദേശവാസികളുടെ രാത്രികാലയാത്ര ദുരിതത്തിലായിരിക്കുകയാണ്. കക്കാട്ടാർ നീന്തി കടന്നുവരുന്ന കൊമ്പനാനകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഗൗരവത്തിലെടുത്ത് നടപടി ഉണ്ടാകണമെന്ന് റാന്നി ഡിഎഫ്ഒയോട് എംപി ആവശ്യപ്പെട്ടു.
കാട്ടു മൃഗങ്ങളെ കാട്ടിൽത്തന്നെ നിലനിർത്തുവാനുള്ള ചുമതല വനം വകുപ്പിനാണ്. വനത്തോടുചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതലയും വനപാലകർക്കുണ്ട്. വനംവകുപ്പ് അനാസ്ഥ തുടർന്നാണ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആന്റോ ആന്റണി പറഞ്ഞു.