ശബരിമല തീര്‍ഥാടനം: പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്- ജില്ലാ കളക്ടര്‍
1460146
Thursday, October 10, 2024 6:02 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, ജല അഥോറിറ്റി, ദേശീയപാത വിഭാഗം എന്നിവയുടെ ഇലവുങ്കല്‍വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍നടക്കുന്ന പ്രവൃത്തികള്‍ പരിശോധിച്ചു. മണ്ണാരക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശേരിക്കര, കന്നാംപാലം, മാടമണ്‍, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്തു. നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി മരങ്ങള്‍ മുറിക്കുകയാണ്. പാറകളും കല്ലുകളും മാറ്റുന്നുമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കി.
പത്തനംതി ട്ട- പമ്പ റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം, എന്‍എച്ച് വകുപ്പുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റോഡില്‍ അപകടകരമായി നില്ക്കുന്ന വൃക്ഷശിഖരങ്ങൾ വെട്ടി മാറ്റണം. റോഡരികുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ ഉറപ്പാക്കണം.
റോഡിലേക്കു പടര്‍ന്ന കാടുവെട്ടിത്തെളിക്കണം. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡിന്റെ ടാറിംഗ് പ്രവൃത്തികള്‍ സമയബന്ധതിമായി പൂര്‍ത്തിയാക്കണം. ജല അഥോറിറ്റിയുടെ നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവൃത്തി ഉള്‍പ്പടെയുള്ളവ തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്നും കളക്ടർ പ്രേംകൃഷ്ണൻ നിർദേശിച്ചു.